ജില്ലാ ശിശുക്ഷേമ സമിതി ജില്ലയില്‍ നടത്തിയ പ്രവൃത്തികളുടെ വാര്‍ഷിക റിപ്പോര്‍ട്ടിന് എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗം അംഗീകാരം നല്‍കി. മെയ് മാസത്തില്‍ കുട്ടികള്‍ക്കായി മൂന്ന് ദിവസത്തെ അവധിക്കാല കാംപ് നടത്താന്‍ യോഗം തീരുമാനിച്ചു. 2018-19 വര്‍ഷത്തെ 44.42 ലക്ഷത്തിന്റെ ബജറ്റും അവതരിപ്പിച്ചു.
കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി ശിശുക്ഷേമ സമിതിയുടെ കീഴിലുളള ‘തണല്‍’ ന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. കുട്ടികള്‍ക്കെതിരായുളള ശാരീരിക-മാനസിക അതിക്രമം കുട്ടികളെ ലൈംഗീകമായി ചൂഷണം ചെയ്യല്‍, ശൈശവ വിവാഹം, ബാലവേല-ഭിക്ഷാടനം, മയക്കുമരുന്ന് ഉപയോഗം വിദ്യാഭ്യാസമില്ലായ്മ, ഗുരുതര രോഗങ്ങള്‍, പോഷകാഹാരമില്ലായ്മ തുടങ്ങി കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തണലിന്റ ടോള്‍ ഫ്രീ നമ്പറായ 1517 ല്‍ അറിയിക്കാം.
എ.ഡി.എം ടി. വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ശിശുക്ഷേമ സമിതി സെക്രട്ടറി എം.സി. വാസുദേവന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് സി.പി ജോണ്‍, ജോയിന്റ് സെക്രട്ടറി എം. രാമചന്ദ്രന്‍, എക്‌സിക്യുട്ടീവ് അംഗങ്ങളായ എ.കെ. കുട്ടന്‍, വി.കെ കമലം. ആര്‍. ശിവന്‍ എന്നിവര്‍ പങ്കെടുത്തു.