ജില്ലാ പഞ്ചായത്തിന്റെ 2018-19 ജനകീയാസൂത്രണ പദ്ധതികളില്‍ പരിസ്ഥിതി സൗഹൃദ പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി പറഞ്ഞു. ജില്ലാ പഞ്ചായത്ത് സമ്മേളന ഹാളില്‍ നടന്ന ജനകീയ ആസൂത്രണ വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. നവകേരള മിഷന്‍ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടപ്പിലാക്കുന്ന ജില്ലകളിലൊന്നാണ് പാലക്കാട്. ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതി പോലെയുളള പരിസ്ഥിതി സൗഹൃദ വികസന കാഴ്ചപ്പാടുകളാണ് ജില്ലാ പഞ്ചായത്തിനുളളത്. പദ്ധതികള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഇതര തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സഹകരണം അനിവാര്യമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ജില്ലാ പഞ്ചായത്തിന്റെ ജനറല്‍ പദ്ധതികള്‍ക്കായി 63.18 കോടിയും പ്രത്യേക ഘടക പദ്ധതികള്‍ക്കായി 31.16 കോടിയും പട്ടിക വര്‍ഗ ഉപ പദ്ധതികള്‍ക്കായി 38.59 ലക്ഷവുമുള്‍പ്പെടെ ആകെ 94.72 കോടിയുടെ പദ്ധതികളാണ് വരും വര്‍ഷം നടപ്പിലാക്കുക. റോഡ് നവീകരണ പദ്ധതികള്‍ക്കായി 25.20 കോടിയും റോഡിതര നവീകരണ പദ്ധതികള്‍ക്കായി 10.82 കോടിയും ചെലവഴിക്കും. ലൈഫ് പദ്ധതിക്കായി 10 കോടി, ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതിക്ക് ഒരു കോടി, ഹരിശ്രീ പദ്ധതിക്ക് 10 ലക്ഷം എന്നിങ്ങനെയും വകയിരുത്തിയിട്ടുണ്ട്.
വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.ഗീത അധ്യക്ഷയായ പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ നാരായണദാസ് കരട് പദ്ധതി രേഖ പ്രകാശനം ചെയ്തു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ കെ. ബിനുമോള്‍, ബിന്ദു സുരേഷ്, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് – ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.സി ബാലഗോപാല്‍, പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.