കുരീപ്പുഴ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന ആശങ്കകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും കുരീപ്പുഴ സണ്‍ബേ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന വിഷയാവതരണ യോഗത്തില്‍ അവസാനമായി. യോഗത്തില്‍ പങ്കെടുത്തവര്‍ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ ഐക്യകണ്ഠേന തീരുമാനിക്കുകയായിരുന്നു.
മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടെ നിര്‍ദേശപ്രകാരം മേയര്‍ ഹണി ബെഞ്ചമിന്‍, ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് കോര്പ്പറേഷന് നിര്‍മ്മിച്ച പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള ഗ്രാഫിക്സ് വീഡിയോയും പവര്പോയിന്റുമാണ് വിഷയാവതരണമായത്. പ്ലാന്റിലേക്കെത്തുന്ന മലിനജലത്തിന്റെ ഘട്ടങ്ങളായുള്ള സംസ്കരണം, പുനരുപയോഗ സാധ്യതകള്‍ എന്നിവയായിരുന്നു വീഡിയോയുടെ പ്രസക്ത ഭാഗങ്ങള്‍.
പ്രതിഷേധ സമരങ്ങളുടെ രൂപത്തില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രതിസന്ധികള്‍ മറികടന്ന് പ്ലാന്റ് യാഥാര്‍ഥ്യമാക്കാന്‍ രാഷ്ട്രീയ നേതൃത്വത്തിന്റേയും പൊതുജനങ്ങളുടെയും ശക്തമായ പിന്തുണ ആവശ്യമാണെന്ന് മേയര്‍ പറഞ്ഞു.
ആഗോളതലത്തില്‍ പിന്തുടരുന്ന ശാസ്ത്രീയ മാര്‍ഗങ്ങളുപയോഗിച്ച് പൂര്‍ണമായും പ്രകൃതി സൗഹാര്‍ദ്ദപരമായാണ് കുരീപ്പുഴയില്‍ മാലിന്യ സംസ്കരണം നടപ്പിലാക്കുന്നത്. ജനസാന്ദ്രത കൂടിയ കോര്പ്പറേഷന് പരിധിയിലെ രൂക്ഷമായ മാലിന്യ പ്രശ്നങ്ങള്‍ക്ക് പ്ലാന്റിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്തോടെ പരിഹരമാകും. പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ നടക്കുന്ന പ്രതിഷേധ സമരങ്ങള്‍ വരുംതലമുറയോട് ചെയ്യുന്ന ക്രൂരതയാണ് – കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.
മാലിന്യം നിക്ഷേപിക്കുന്ന രീതിയോ പ്രകൃതിക്കും പൊതുജനങ്ങള്‍ക്കും പ്രയാസങ്ങള്‍ ഉണ്ടാക്കുന്ന വിധത്തിലോ അല്ല കേന്ദ്ര സര്‍ക്കാരിന്റെ ഉള്‍പ്പടെ പങ്കാളിത്തമുള്ള പുതിയ പദ്ധതിയെന്നും തെറ്റിദ്ധാരണകള്‍ ഉണ്ടാക്കുന്ന പ്രചാരണങ്ങളില്‍ നിന്നും വിട്ടു നില്‍ക്കണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു.
