മുഖ്യമന്ത്രിയുടെ 100 ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി കേരളപ്പിറവി ദിനത്തില്‍ കാഷ്യൂ കോര്‍പ്പറേഷനില്‍ 2000 തൊഴിലാളികള്‍ക്ക് പുതുതായി നിയമന ഉത്തരവ് നല്‍കി സര്‍ക്കാര്‍ വാഗ്ദാനം പാലിച്ചു. അയത്തില്‍ കാഷ്യൂ കോര്‍പ്പറേഷന്‍ ഫാക്ടറി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ മേഴ്സികുട്ടിയമ്മ നിയമന ഉത്തരവ് കൈമാറി.
സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ കശുവണ്ടി മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കുമെന്ന് പറഞ്ഞിരുന്നു. അടഞ്ഞുകിടന്ന ഫാക്ടറികള്‍ തറന്നു. ആദ്യ ഘട്ടത്തില്‍ 1000 തൊഴിലാളികള്‍ക്ക് നിയമനം നല്‍കി. 2014 ല്‍ പിരിഞ്ഞ് പോയവര്‍ക്ക് ഗ്രാറ്റുവിറ്റി നല്‍കി. ഇതിനായി 20 കോടി ചെലവഴിച്ചു. സര്‍ക്കാര്‍ വന്നതിന് ശേഷം 5000 പേര്‍ക്ക് പുതുതായി നിയമനം നല്‍കിയിട്ടുണ്ട്. 3000 തൊഴിലാളികളെ നിയമിക്കണമെന്ന തീരുമാനത്തിന്റെ ഭാഗമായാണ് ഇപ്രകാരം നിയമനം നല്‍കിയത്. 1000 പേര്‍ക്ക് കൂടി തുടര്‍ന്ന് നിയമനം നല്‍കും. കടബാധ്യത തീര്‍ക്കുന്നതിനും ഗ്രാറ്റുവിറ്റി നല്‍കുന്നതിനും ഫാക്ടറി നവീകരണത്തിനും ആവശ്യമായ സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്. പുതുതായി തൊഴിലാളികളെ എടുക്കുന്നതോടൊപ്പം ഇവര്‍ക്ക് തുടര്‍ച്ചയായി തൊഴില്‍ നല്‍കുന്നതിനുള്ള സാഹചര്യങ്ങളൊരുക്കും. സ്വകാര്യ രംഗത്തെ ഫാക്ടറികള്‍ക്ക് പലിശ ഇളവ് ലഭിക്കുന്നതിന് അഞ്ചു കോടി രൂപ നല്‍കിയതായും മന്ത്രി പറഞ്ഞു.
തൊഴിലാളികളുടെ മക്കള്‍ക്ക് ഇ എസ് ഐ മുഖാന്തരം ലഭിച്ചുകൊണ്ടിരുന്ന എം ബി ബി എസ് അഡ്മിഷന്‍ നിഷേധിച്ച നടപടിക്കെതിരെ പ്രതിഷേധങ്ങളും നിയമനടപടികളും സ്വീകരിച്ചത് വഴി അവസരങ്ങള്‍ പുനസ്ഥാപിക്കാന്‍ കഴിഞ്ഞത് നേട്ടമായി മന്ത്രി യോഗത്തില്‍ ചൂണ്ടിക്കാട്ടി.