ആദിവാസി മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി  നിലമ്പൂര്‍ ബിആര്‍സിയുടെ നേതൃത്വത്തില്‍ സമഗ്ര ശിക്ഷാ കേരളം പുഞ്ചക്കൊല്ലിയില്‍ ഊരു വിദ്യാകേന്ദ്രം ആരംഭിച്ചു. വഴിക്കടവ് പുഞ്ചക്കൊല്ലിയിലെ 45 കുട്ടികളാണ് ഊരുവിദ്യാലയത്തില്‍ പഠിക്കുന്നത്. തിങ്കള്‍ മുതല്‍ വെള്ളി വരെ ദിവസങ്ങളില്‍ രണ്ടു മണിക്കൂര്‍ വീതമാണ് കുട്ടികള്‍ക്ക് ക്ലാസ.് ഒരു കുട്ടിക്ക് പത്ത് രൂപാ നിരക്കില്‍ ലഘുഭക്ഷണത്തിനായി ലഭിക്കും. കോളനിയില്‍ നിന്നു തന്നെ തെരഞ്ഞെടുത്ത വിദ്യാഭ്യാസ വളണ്ടിയര്‍ ഇന്ദുമോള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. ഊരുവിദ്യാകേന്ദ്രത്തില്‍ ഫസ്റ്റ് ബെല്‍ ക്ലാസ് കാണുന്നതിനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്.  കലാകായിക പ്രവൃത്തി പരിചയ മേഖലകളിലെ അധ്യാപകരുടെ ക്ലാസുകളും ലഭിക്കും. സമഗ്ര ശിക്ഷാ കേരളം മലപ്പുറം ജില്ലാ കോഓര്‍ഡിനേറ്റര്‍ കെ.വി വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. നിലമ്പൂര്‍ ബ്ലോക്ക് പ്രൊജക്ട് കോഓര്‍ഡിനേറ്റര്‍ എം.മനോജ് കുമാര്‍ അധ്യക്ഷനായി. ബിആര്‍സി ട്രൈ യിനര്‍ പിബി ജോഷി, വിഷ്ണു, ഊരുമൂപ്പന്‍ കൊട്ട ചാത്തന്‍, പ്രൊമോട്ടര്‍മാരായ  ശ്രീജ, സുനിത എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.