പത്തനാപുരത്തിന്റെ വികസന ചരിത്രത്തിലെ വലിയ മുന്നേറ്റത്തിന് തുടക്കം  കുറിച്ചുകൊണ്ട് പത്തനാപുരം ടൗണ്‍ സെന്റര്‍ മാള്‍ കെ ബി ഗണേഷ് കുമാര്‍ എം എല്‍ എ നാടിനു സമര്‍പ്പിച്ചു. പത്തനാപുരത്തെ സിംഗപ്പൂര്‍ മോഡലാക്കി മാറ്റുമെന്ന് മുന്‍പ് പറഞ്ഞിട്ടുണ്ട്. അതിനുള്ള തുടക്കമാണ് ടൗണ്‍ സെന്റര്‍ മാളിന്റെ  പൂര്‍ത്തീകരണത്തോടെ സാധ്യമാകുന്നത്.

പത്തനാപുരം ബൈപ്പാസ്, കുണ്ടയം സ്‌കൂളിലെ രണ്ടു കോടി രൂപയുടെ കെട്ടിടം, പിറവന്തൂര്‍ ജംഗ്ഷനില്‍ സ്‌കൂളിന് സമീപം ഫുഡ്പാത്തുകള്‍, ആര്‍ ടി ഓഫീസ്, 48 കോടിയുടെ പതിനൊന്നര കിലോമീറ്റര്‍ റോഡ് നിര്‍മാണം, സ്റ്റേഡിയം, സ്ട്രീറ്റ് ലൈറ്റ് ഇവയെല്ലാം പൂര്‍ത്തിയാകുന്നതോടെ  പത്തനാപുരത്തിന്റെ മുഖച്ഛായ തന്നെ മാറുമെന്നും എം എല്‍ എ പറഞ്ഞു.
പൂര്‍ണമായും ഒരു പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള സംസ്ഥാനത്തെ ആദ്യ ഷോപ്പിംഗ് മാളാണ് പത്തനാപുരത്ത് പൂര്‍ത്തിയായിരിക്കുന്നത്. 28 കോടി രൂപ ചെലവഴിച്ചാണ്  ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മ്മിച്ചത്. രണ്ടേക്കര്‍ സ്ഥലത്ത് ഒന്നര ലക്ഷം ചതുരശ്ര അടിയില്‍ അഞ്ചു നിലകളാണുള്ളത്. നാല് ലിഫ്റ്റുകള്‍, ഒരു    എസ്‌കലേറ്റര്‍, മൂന്ന് മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകള്‍, ഫുഡ്‌കോര്‍ട്ട്, കുട്ടികളുടെ പാര്‍ക്ക് എന്നിവ ഉള്‍പ്പെടെയാണ് നിര്‍മ്മാണം. 200 വാഹനങ്ങള്‍ക്കുള്ള അണ്ടര്‍ഗ്രൗണ്ട് പാര്‍ക്കിംഗ് സൗകര്യവുമുണ്ട്. തിരിച്ചടവ് പൂര്‍ത്തിയാകുന്നതോടെ പ്രതിവര്‍ഷം പഞ്ചായത്തിന് രണ്ടരക്കോടി രൂപയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. നാനൂറോളം ആളുകള്‍ക്ക് ജോലിയും ലഭിക്കും.