കണ്ണൂർ: കണ്ണപുരം പഞ്ചായത്തിൽ മൂന്നാമത് പച്ചത്തുരുത്ത് ഒരുങ്ങുന്നു. ഹരിത കേരള മിഷൻ 2015 – 20 ഭരണ ഭരണസമിതിയുടെ നേതൃത്വത്തിലാണ് ‘ ഓർമ്മ തുരുത്ത്  2020’ എന്നപേരിൽ മൂന്നാമതൊരു പച്ചത്തുരുത്തിന് കൂടി തുടക്കം കുറിച്ചത്.  പുഞ്ചവയൽ അംബേദ്കർ കോളനി ശ്മശാന അങ്കണത്തിൽ നാടൻ പ്ലാവിൻ തൈ നട്ട് ടി വി രാജേഷ് എം എൽ എ പദ്ധതി ഉദ്ഘാടനം ചെയ്തു. ഒരു കോടി രൂപ ചെലവിൽ പണി പൂർത്തീകരിച്ച അംബേദ്കർ മാതൃക ഗ്രാമത്തിന്റെ തുടർ പ്രവർത്തനമായാണ് ശ്മശാന നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്. ജൈവ ഉദ്യാനമായി മാറിയ 80 സെന്റ് ശ്മശാന അങ്കണത്തിൽ വൃക്ഷത്തൈകൾ നട്ടും നടപ്പാതയുടെ ഇരുവശങ്ങളിലും പൂച്ചെടികളും ഇരിപ്പിടങ്ങളും ഒരുക്കി മനോഹരമാക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. തുടർ  സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി ചെടികൾ നനയ്ക്കുന്നതിന് സാംസ്കാരികനിലയം കേന്ദ്രമായി പ്രവർത്തിക്കുന്ന യുവാക്കളുടെ സേവനം ഉപയോഗപ്പെടുത്തും. ഇതിനാവശ്യമായ ബക്കറ്റും കപ്പും എംഎൽഎ കൈമാറി.  മഴക്കുഴികൾ നിർമിക്കൽ, വൃക്ഷത്തൈകൾ ശേഖരിക്കൽ, നട്ടുപിടിപ്പിക്കൽ തുടങ്ങിയ തുടർ സംരക്ഷണ പ്രവർത്തനങ്ങൾ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കും. നിലവിലുള്ള  വൻമരങ്ങളും വള്ളിപ്പടർപ്പുകളും സംബന്ധിച്ച് വിദഗ്ധരുടെ നേതൃത്വത്തിൽ പഠനം നടത്തി രജിസ്റ്റർ ചെയ്യും. വൻമരങ്ങളുടെ പേരുകൾ ടാഗ്  ചെയ്ത് പുതു തലമുറയിലെ കുട്ടികൾക്ക് പഠിക്കാൻ അവസരം നൽകും.
ശ്മശാന അങ്കണത്തിൽ നടന്ന പരിപാടിയിൽ വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ എം വി ബാലൻ അധ്യക്ഷനായി. ഹരിത കേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഇ കെ സോമശേഖരൻ പദ്ധതി വിശദീകരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ മോഹനൻ, വാർഡ് അംഗം കെ രാജേഷ്, എൻ ശ്രീധരൻ, കെ  നാരായണൻ, കുടുംബശ്രീ ചെയർപേഴ്സൺ കെ രതി, എൻ ആർ ഇ ജി ഓവർസിയർ പി അഖിൽ, പഞ്ചായത്ത് സെക്രട്ടറി എം കെ നാരായണൻ കുട്ടി,  തുടങ്ങിയവർ സംസാരിച്ചു.