ആലപ്പുഴ : അമ്പലപ്പുഴ വടക്കു പഞ്ചായത്തിലെ കാർഷിക മേഖലയുടെ വികസനത്തിന് ഏറെ സഹായകരമാകുന്ന മുക്കയിൽ – ആറ്റുതീരം റോഡിന്റെ നിർമ്മാണത്തിനു തുടക്കമായി. മുക്കയിൽ ജംങ്ഷനു സമീപം ചേർന്ന റോഡിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി ജി സുധാകരൻ നിർവ്വഹിച്ചു.അമ്പലപ്പുഴ മണ്ഡലത്തിലെ പി ഡബ്ലിയു ഡി റോഡ് ,പഞ്ചാത്തുറോഡ് മുനിസിപ്പാലിറ്റി റോഡുകൾ എല്ലാം പുനർ നിർമിച്ചു വലിയൊരു വികസന പ്രവർത്തനമാണ് ഈ സർക്കാർ കാലയളവിൽ നടന്നിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു .5 കോടി രൂപ ചെലവിൽ ആധുനിക സാങ്കേതിക വിദ്യയിൽ 1250 മീറ്റർ നീളത്തിൽ നിർമ്മിക്കുന്ന റോഡ് എട്ടു മാസം കൊണ്ട് പൂർത്തിയാക്കും.
520 ഏക്കറോളം വരുന്ന വെട്ടിക്കരി പാടശേഖരത്തിന്റെയും , 450 ഏക്കർ വരുന്ന നാലുപാടത്തിന്റെ മധ്യത്തിലൂടെ 5.5 മീറ്റർ ടാറിങ് വീതിയിലുള്ള റോഡ് നമ്പാർ ഡിന്റെ റോഡ് ഇൻഫ്രാ സ്ക്ചർ ഡവലപ്മെന്റ് ഫണ്ടിലാണ് നിർമ്മിക്കുക. ഗതാഗത മാർഗ്ഗമായി വള്ളം മാത്രം ഉപയോഗിച്ചു വരുന്ന പൂകൈത ആറിന്റെ തീരത്തു കഴിയുന്ന ഒട്ടനവധി കുടുംബങ്ങൾക്ക് വേഗത്തിൽ ദേശീയ പാതയിലെത്തുന്നതിനും, കാർഷികോൽപ്പന്നങ്ങളുടെ വിപണനത്തിനും റോഡ് യാഥാർത്ഥ്യമാകുന്നതോടെ ഏറെ സഹായകരമാകും. മൂന്നുവർഷത്തെ ഗ്യാരന്റിയോടെ നിർമ്മിക്കുന്ന റോഡിന്റെ വശങ്ങളിലെ നീരൊഴുക്കു സുഗമമാക്കുന്നതിന് കൾവെർട്ടുകളും, റോഡ് മാർക്കിങ്ങുകളും, സൈൻ ബോർഡുകളും, റോഡ് സുരക്ഷാ ഉപകരണങ്ങളും സ്ഥാപിക്കും.
പഞ്ചായത്തംഗം എസ് ഹാരിസ് അധ്യക്ഷനായി. എ എം ആരിഫ് എം പി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം ജുനൈദ്, എന്നിവർ സംസാരിച്ചു. പൊതുമരാമത്തു വകുപ്പ് ഉദ്യോഗസ്ഥരായ ബ്രൂസൻ ഹൊറാൾഡ്, മോളമ്മ എന്നിവർ പങ്കെത്തു. പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ ബി വിനു സ്വാഗതം പറഞ്ഞു.

2.42 കോടി രൂപ മുടക്കിൽ നിർമാണം പൂർത്തിയാക്കിയ ജനറൽ ആശുപത്രി പാലസ് റോഡിന്റെ ഉദ്ഘാടനം ജനറൽ ആശുപത്രി പരിസരത്ത് വെച്ച് മന്ത്രി ഉദ്ഘാടനം നിർവഹിച്ചു .ആലപ്പുഴയെ പുനർനിർമിക്കുക എന്ന ആശയത്തിൽ ആരംഭിച്ച വികസന പ്രവർത്തനങ്ങൾ ജില്ലയുടെ വലിയ മാറ്റങ്ങളിലേക്കാണ് മാറിക്കൊണ്ടിരിക്കുന്നത് .ജനറൽ ആശുപത്രിയുടെ തിരക്കേറിയ റോഡ് കയ്യേറ്റത്താൽ വീതി ഇല്ലായിരുന്നു .പുനർനിർമ്മാണം പൂർത്തിയായപ്പോൾ റോഡിന് അതിന്റെ വീതി തിരികെ ലഭിച്ചുവെന്നും മന്ത്രി പറഞ്ഞു .ചടങ്ങിൽ നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ അധ്യക്ഷത വഹിച്ചു .

എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ മുടക്കിൽ നിർമാണം പൂർത്തീകരിച്ച പള്ളാത്തുരുത്തി ചക്കരപുരയ്‌ക്കൽ റോഡ് പൂർത്തീകരിച്ചത് മന്ത്രി ഉദ്ഘാടനം നിർവഹിച്ചു .പള്ളാത്തുരുത്തി വാർഡ് ഘട്ടംഘട്ടമായി വികസന പ്രവർത്തനങ്ങളിലൂടെ നഗര വേദിയായി മാറുകയാണെന്ന് മന്ത്രി പറഞ്ഞു .നഗര സഭ പ്രതിപക്ഷ നേതാവ് ഡി ലക്ഷ്മണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു .

ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന്റെ തീരദേശ റോഡുകളുടെ നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തി ചന്ദനക്കാവ് ജംഗ്ഷൻ മുതൽ കായൽത്തീരം വരെയുള്ള റോഡിന്റെ നിർമാണ ഉദ്ഘാടനം മന്ത്രി ജി സുധാകരൻ നിർവഹിച്ചു .86 ലക്ഷം രൂപയാണ് നിർമാണത്തിനായി മാറ്റിവെച്ചിരിക്കുന്നത് .പ്രതിപക്ഷ നേതാവ് ഡി ലക്ഷ്മണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
വിവിധ സ്ഥലങ്ങളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ എ എം ആരിഫ് എം പി മുഖ്യതിഥിയായി .സമാനതകളില്ലാത്ത വികസനമാണ് ജില്ലയിൽ നടന്നു കൊണ്ടിരിക്കുന്നുന്നതെന്ന് ആരിഫ് എം പി പറഞ്ഞു .മുനിസിപ്പൽ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ ,മത്സ്യഫെഡ് ചെയർമാൻ പി പി ചിത്തരഞ്ജൻ ,ഹാർബർ എൻജിൻറിങ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ആൻസി എം ജെ ,പൊതുമരാമത്തു വകുപ്പ് ഉദ്യോഗസ്ഥരായ ബ്രൂസൻ ഹൊറാൾഡ്, മോളമ്മ,എക്സിക്യൂട്ടീവ് എഞ്ചിനീയർ ബി വിനു എന്നിവർ ചടങ്ങിൽ സന്നിഹിതരായി .