തൃശ്ശൂര്‍:  കല്ലേറ്റുംകര സബ് രജിസ്ട്രാർ ഓഫീസ് പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് രജിസ്‌ട്രേഷൻ വകുപ്പ് ജി സുധാകരൻ നിർവഹിച്ചു. രജിസ്‌ട്രേഷൻ വകുപ്പിന് കീഴിൽ വരുന്ന എല്ലാ സേവനങ്ങളും ഡിജിറ്റൽ ഫോർമാറ്റിലേക്ക് മാറുന്ന കാലം വിദൂരമല്ലെന്ന് മന്ത്രി പറഞ്ഞു. ഇ പേയ്മെന്റ്, ഓൺലൈൻ രജിസ്‌ട്രേഷൻ, ഡിജിറ്റൽ ഇമേജ് തുടങ്ങിയ സൗകര്യങ്ങൾ ഇതിന്റെ ഭാഗമായി ലഭ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

1930 ൽ കല്ലേറ്റുംകരയിൽ സ്‌ഥാപിതമായ ഈ രജിസ്ട്രാർ ഓഫീസിന്റെ പ്രവർത്തന പരിധിയിൽ ആളൂർ, മുരിയാട്, കൊടകര പഞ്ചായത്തുകൾ പൂർണ്ണമായും വേളൂക്കര പഞ്ചായത്തിന്റെയും ചാലക്കുടി മുൻസിപ്പാലിറ്റിയുടെയും ഏതാനും ഭാഗങ്ങളും ഉൾപ്പെടുന്നു. നിലവിൽ സബ്ബ് രജിസ്ട്രാർ ഓഫീസ് പ്രവർത്തിച്ചു വന്നിരുന്ന കെട്ടിടത്തിന് 45 വർഷത്തിലേറെ കാലപ്പഴക്കം ഉണ്ടായിരുന്നതിനാൽ അപകടവസ്ഥയിലായിരുന്നു. ഈ സാഹചര്യം കണക്കിലെടുത്തും പൊതു ജനങ്ങളുടെ സുരക്ഷ മുൻനിർത്തിയും കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി 1,31,60,000 ചെലവഴിച്ച് പുതിയ കെട്ടിടം പണി പൂർത്തീകരിച്ചത്. 5816 സ്ക്വയർ ഫീറ്റിൽ 2 നിലകളിലായാണ് കെട്ടിടം പണി പൂർത്തീകരിച്ചത്. സബ്ബ് രജിസ്ട്രാറുടെ ക്യാബിൻ, ജീവനക്കാരുടെ റൂം, റെക്കോർഡ് റൂം, ലൈബ്രറി, ടോയ്ലറ്റ് റൂം, വരാന്ത, ശുചിമുറികൾ, മഴവെള്ളസംഭരണി എന്നീ സൗകര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.