തൃശ്ശൂര്‍: പഠനത്തോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് നീന്തല്‍ അഭ്യസിപ്പിക്കാന്‍ സ്‌കൂളില്‍ നീന്തല്‍ക്കുളമെന്ന വ്യത്യസ്തമായ ആശയവുമായി ജിഎംഎല്‍പി സ്‌കൂള്‍. നീന്തലറിയാത്തത് മൂലം നിരവധി കുട്ടികളാണ് കുളത്തിലും മറ്റും മരണത്തിന് കീഴടങ്ങുന്നത്. നീന്തല്‍ പഠിക്കുന്നതിനാവശ്യമായ സൗകര്യങ്ങളുടെ അഭാവമാണ് ഇന്നത്തെ കുട്ടികള്‍ നേരിടുന്നത്. വിദ്യാര്‍ഥികള്‍ക്ക് നീന്തല്‍ പരിശീലനത്തിന് വേണ്ട സൗകര്യമൊരുക്കുന്നതിനായി ചാവക്കാട് നഗരസഭയുടെ പദ്ധതിയാണ് സ്‌കൂളിലെ നീന്തല്‍ കുളം. തിരഞ്ഞെടുത്ത പുന്ന സ്‌കൂളില്‍ നഗരസഭാ ജനകീയാസൂത്രണ പദ്ധതി മുഖേന 14 ലക്ഷം ചെലവിട്ടാണ് കുളം നവീകരിച്ചത്.
നവീകരിച്ച നീന്തല്‍ക്കുളത്തിന്റെ ഉദ്ഘാടനം കെ വി അബ്ദുള്‍ഖാദര്‍ എംഎല്‍എ നിര്‍വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ മഞ്ജുഷ സുരേഷ്, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ എച്ച് സലാം, എം ബി രാജലക്ഷ്മി, എ എ മഹേന്ദ്രന്‍, സഫൂറ ബക്കര്‍, എ സി ആനന്ദന്‍, വാര്‍ഡ് കൗണ്‍സിലര്‍ ഹിമ മനോജ്, ജി എം എല്‍ പി സ്‌കൂള്‍ പ്രധാനാധ്യാപിക വി ജിന്‍സി തോമസ് എന്നിവര്‍ പങ്കെടുത്തു.