എറണാകുളം : കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയം ലോക ബാങ്കിന്റെ സഹായത്തോടെ നടപ്പാക്കുന്ന സ്കിൽ അക്വിസിഷൻ ആൻഡ് നോളജ് ഫോർ ലൈവ്ലിഹൂഡ് പ്രൊമോഷൻ (സങ്കൽപ് -SANKALP) പദ്ധതിയുടെ ഭാഗമായി ജില്ലാ നൈപുണ്യ വികസന പദ്ധതി തയ്യാറാക്കി. ജില്ലാ കളക്ടറുടെ നിർദേശ പ്രകാരം ജില്ലാ നൈപുണ്യ വികസന സബ് കമ്മിറ്റി ആണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
ജില്ല മോഡല്‍ ഫിനിഷിങ്ങ് സ്കുള്‍ ഡയറക്ടര്‍ ആണ് സബ് കമ്മിറ്റി കണ്‍വീനര്‍. ജില്ല പ്ലാനിങ്ങ് ഓഫീസ് ആണ് പദ്ധതി തയ്യാറാക്കാൻ ആവശ്യമായ സാങ്കേതിക സഹായം നല്‍കിയത്. കേരളത്തിന്റെ വ്യവസായിക തലസ്ഥാനം എന്നറിയപ്പെടുന്ന എറണാകുളം ജില്ലയില്‍ നൈപുണ്യ ആവശ്യകതയും വിതരണവും തമ്മിലുള്ള അന്തരം പഠന വിധേയമാക്കി ഈ വിടവ് നികത്താനാവശ്യമായ ക്രിയാത്മതക നിര്‍ദേശങ്ങള്‍ ആണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
2022 ഓടു കൂടി ജില്ലയില്‍ 5.34 ലക്ഷം മനുഷ്യ വിഭവം(മാൻപവര്‍) ആവശ്യമായി വരുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഈ അവസരത്തില്‍ ഉയരുന്ന നൈപുണ്യ ആവശ്യകതയും ലഭ്യതയും തമ്മിലുള്ള അന്തരം മനസിലാക്കുന്നതിന് പദ്ധതി ഊന്നല്‍ നല്‍കിയിരിക്കുന്നു. ജില്ലയുടെ നൈപുണ്യ ആവശ്യകത മനസിലാക്കി വിവിധ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുകയും കുടുംബശ്രീ, പട്ടികജാതി വികസന വകുപ്പ്, പട്ടിക വര്‍ഗ്ഗ വികസന വകുപ്പ്, ജില്ല വ്യവസായ കേന്ദ്രം, അസാപ് തുടങ്ങിയവര്‍ നടത്തുന്ന പദ്ധതികള്‍ ഏകോപിപ്പിക്കുവാനും വിദഗ്ദരുടെ സഹായത്തോടെ പരിശീനം മകവുറ്റതാക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.
ഈ ലക്ഷ്യങ്ങള്‍ നടപ്പാക്കുന്നതിനായി ജില്ലയിലെ പരിശീലന സ്ഥാപനങ്ങളുടെയും പരിശീലകരുടെയും മാനവ വിഭവ ശേഷി വിദഗ്ദരുടെയും വ്യവസായങ്ങളുടെയും വിവരങ്ങള്‍ ഏകോപിപ്പിച്ചു കൊണ്ട് വെബ് പോര്‍ട്ടലും മൊബൈല്‍ ആപ്ലിക്കേഷനും സജ്ജമാക്കും. ലഭ്യമാവുന്ന വിവരങ്ങള്‍ നിരീക്ഷിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്നതു വഴി ജില്ലയിലെ നൈപുണ്യ ആവശ്യകത തിരിച്ചറിയുവാന്‍ സാധിക്കും. ആറ് മാസങ്ങള്‍ കൊണ്ട് വെബ് പോര്‍ട്ടല്‍ പ്രവര്‍ത്തന സജ്ജമാക്കാനാണ് ലക്ഷ്യമിടുന്നത്.
പരമ്പരാഗത മേഖലകളായ കരകൗശലം, തുണിത്തര വ്യവസായം, ഭക്ഷണ സംസ്കരണം തുടങ്ങിയ മേഖലകളിലെ മാനവ വിഭവ ലഭ്യതയുെ അന്തരവും മനസിലാക്കി ഈ മേഖലകള്‍ക്ക് പുനരുജ്ജീവനം നല്‍കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. കേരള അക്കാദമി ഫോര്‍ സ്കില്‍ എക്സലൻസ് തയ്യാറാക്കിയ സ്കില്‍ രജിസ്ട്രി ആപ്ലിക്കേഷന്റെ പ്രചരണവും പദ്ധതിയില്‍ നിര്‍ദേശിച്ചിട്ടുണ്ട്.ജില്ല കളക്ടര്‍ ചെയര്‍മാന്‍ ആയ ജില്ല സ്കില്ലിങ്ങ് കമ്മിറ്റി ആണ് നൈപുണ്യ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. കളമശ്ശേരി ഐ.ടി.ഐ പ്രിൻസിപ്പല്‍ ആണ് കമ്മിറ്റി കണ്‍വീനര്‍.