തൃശ്ശൂര്‍: തളിക്കുളം ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം ബയോമെഡിക്കല്‍ മാലിന്യ ശേഖരണ കേന്ദ്രത്തിന് പുതിയ കെട്ടിടം. ഗ്രാമപഞ്ചായത്ത് 2020-21 ജനകീയാസൂത്രണ പദ്ധതി പ്രകാരം 10,60,000 രൂപ ചെലവഴിച്ചാണ് തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ബയോമെഡിക്കല്‍ മാലിന്യ ശേഖരണ കേന്ദ്രം നിര്‍മ്മിച്ചത്. കെട്ടിടത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. സുഭാഷിണി മഹാദേവന്‍ നിര്‍വഹിച്ചു. തളിക്കുളം പഞ്ചായത്ത് പ്രസിഡന്റ് പി ഐ സജിത അധ്യക്ഷയായി.
ദിനംപ്രതി ഇരുന്നൂറിലധികം രോഗികളാണ് തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തുന്നത്. ഈ സാഹചര്യത്തില്‍ ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ ശാസ്ത്രീയമായി തരം തിരിച്ച് ശേഖരിക്കുന്നതിന് ആറ് മുറികള്‍ അടങ്ങുന്ന കെട്ടിടമാണ് നിര്‍മ്മിച്ചത്. ഓരോ തരം മാലിന്യങ്ങള്‍ക്കും വ്യത്യസ്ത കളര്‍ കോഡുകള്‍ അനുസരിച്ചാണ് മുറികള്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇത്തരത്തില്‍ ശേഖരിക്കുന്ന മാലിന്യങ്ങള്‍ അംഗീകൃത ഏജന്‍സിയായ ഇമേജ് മുഖേന ശാസ്ത്രീയമായി സംസ്‌ക്കരിക്കുന്നതിന് കൊണ്ടുപോകും.