മലപ്പുറം:   തൊഴിലുറപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി പൊന്നാനി നഗരസഭ  സമര്‍പ്പിച്ച 81357000 രൂപയുടെ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ലേബര്‍ ബജറ്റിന് അംഗീകാരമായി. ക്ഷീര കര്‍ഷകര്‍ക്ക് തൊഴില്‍ നല്‍കുന്നതിനും തൊഴുത്ത് നിര്‍മാണത്തിനും വീടുകളില്‍ മലിന ജല പരിപാലനത്തിനായി സോഫ്റ്റ് പിറ്റ് നിര്‍മിക്കുന്നതിനുമായി 7000000 രൂപക്കാണ് അംഗീകാരം ലഭിച്ചത്.

കമ്പോസ്റ്റ് കുഴി, പി.എം.എ.വൈ  ലൈഫ് ഭവനങ്ങള്‍ക്ക് തൊഴില്‍ വിഹിതം, മരം നട്ട് പിടിപ്പിക്കല്‍, കാന നിര്‍മാണവും ശുചീകരണവും, സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വിവിധ കാര്‍ഷികവൃത്തികള്‍ തുടങ്ങിയവയ്ക്കാണ്  കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ അംഗീകാരം നല്‍കിയത്. പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി അറിയിച്ചു.

നിലവിലെ ഭരണ സമിതി വന്നതിന് ശേഷമാണ് പൊന്നാനി നഗരസഭയില്‍ തൊഴിലുറപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. നാളിതുവരെ 133432 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചത് വഴി 33257500 രൂപ കൂലി ഇനത്തില്‍ ഇതുവരെ നല്‍കി കഴിഞ്ഞു. തൊഴിലുറപ്പ് മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക അനുമോദനം ലഭിച്ച നഗരസഭ കൂടിയാണ് പൊന്നാനി.