മലപ്പുറം  : സംസ്ഥാന സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പാലപ്പെട്ടി ജി.എഫ്.യു.പി സ്‌കൂളില്‍ നിര്‍മിച്ച ശീതീകരിച്ച സ്മാര്‍ട്ട് ക്ലാസ് മുറി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം.ആറ്റുണ്ണി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് സ്മാര്‍ട്ട് ക്ലാസ് മുറികള്‍ നിര്‍മിച്ചിരിക്കുന്നത്.

2020-21  വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് ബ്ലോക്ക് പഞ്ചായത്ത് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. ഒന്നാം ക്ലാസ്് ഒന്നാന്തരം പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് പൊതു വിദ്യാലയങ്ങളില്‍ നിര്‍മിക്കുന്ന പതിനെട്ടാമത്തെ ശീതീകരിച്ച സ്മാര്‍ട്ട് ക്ലാസ്മുറിയാണിത്. ആധുനിക സൗകര്യങ്ങളോടുകൂടിയ ശീതീകരിച്ച  ക്ലാസ് മുറി, പ്രൊജക്ടര്‍, അധ്യാപകര്‍ക്ക് ക്ലാസെക്കുന്നതിനായി മൈക്ക് തുടങ്ങിയ ഭൗതിക സാഹചര്യങ്ങളാണ് പൊതു വിദ്യാലയത്തില്‍ ഒരുക്കിയിട്ടുള്ളത്.