എറണാകുളം: അതിക്രമങ്ങൾ നേരിടേണ്ടി വരുന്ന സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി പ്രവർത്തിക്കുന്ന കുടുംബശ്രീ സ്നേഹിത ജൻഡർ ഹെല്പ് ഡസ്ക്കിന്റെ നേതൃത്വത്തിൽ കുട്ടമ്പുഴയിൽ ‘ഗോത്രതാളം’ പരിപാടിക്ക് തുടക്കമായി. സ്നേഹിതക്കൊപ്പം വിമുക്തി മിഷൻ ജാഗ്രത ബോധവൽക്കരണവും ചേർന്നുള്ള ക്യാമ്പയിൻ ഓൺലൈനായിട്ടാണ് സംഘടിപ്പിച്ചത്.

കുട്ടമ്പുഴയിലും പുത്തൻ വേലിക്കരയിലും ഉള്ള പട്ടികവർഗ്ഗ വിഭാഗത്തിൽപെട്ട കൗമാരപ്രായക്കാർ മുതൽ യുവജനങ്ങൾ വരെയുള്ള 44 പേർ വെബിനാറിൽ പങ്കെടുത്തു.സ്നേഹിത കൗൺസിലർ കവിതാ ഗോവിന്ദ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ എം.വി.ജിജിമോൾ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

കൗമാരക്കാർക്കിടയിലും യുവജനങ്ങളിലും വർധിച്ചുവരുന്ന പ്രണയപ്പകയും ലഹരി അടിമത്തവും ഒഴിവാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. സ്നേഹിതയിൽ രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ അടിസ്ഥാനത്തിലാണ് പട്ടിക വർഗ മേഖലയിലെ പ്രവർത്തങ്ങൾ സ്നേഹിതയുടെ നേതൃത്വത്തിൽ നടത്തുന്നത്. ഇതിന്റെ തുടർച്ചയായി വിവിധ ബോധവൽക്കരണങ്ങൾ, വെബിനാറുകൾ, മറ്റു പരിപാടികൾ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.

വിമുക്തി മിഷൻ ജില്ലാ മാനേജർ ജി. സജിത്കുമാർ, കുടുംബശ്രീ പട്ടിക വർഗ സുസ്ഥിര വികസന പദ്ധതി ജില്ലാ മാനേജർ പൊന്നി കണ്ണൻ, വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ കെ.എ. ഫൈസൽ, സ്നേഹിത സർവ്വീസ് പ്രൊവൈഡർ അമ്പിളി ദാസ് , പ്രസീത സുകുമാരൻ തുടങ്ങിയവർ പ്രസംഗിച്ചു.