മലപ്പുറം ജില്ലയില്‍ ഇന്ന് (നവംബര്‍ രണ്ട്) 467 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇതില്‍ 440 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഉറവിടമറിയാതെ 22 പേര്‍ക്കും ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും വൈറസ്ബാധ സ്ഥിരീകരിച്ചു. രോഗബാധയുണ്ടായവരില്‍ മൂന്ന് പേര്‍ വിദേശ രാജ്യത്തുനിന്ന് എത്തിവരും ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയതുമാണ്.
കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് രോഗബാധിതരുടെ എണ്ണം ജില്ലയില്‍ കുറയുന്നത് ആശ്വാസകരമാണെങ്കിലും രോഗ വ്യാപന സാധ്യത സജീവമായി നിലനില്‍ക്കുമ്പോള്‍ കര്‍ശനമായി ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയില്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം 945 പേരാണ് ഇന്ന് രോഗമുക്തരായത്. 43,946 പേരാണ് കോവിഡ് പ്രത്യേക ചികിത്സയ്ക്ക് ശേഷം ഇതുവരെ രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയത്.
60,353 പേരാണ് നിലവിൽ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 8,657 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 706 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 500 പേരും 318 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നു. ഇതുവരെ 238 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്. ജില്ലയില്‍ ഇതുവരെ 2,69,939 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 1,578 സാമ്പിളുകളുടെ ഫലം ലഭ്യമാകാനുണ്ട്.