*കാര്‍ഷിക യന്ത്രവത്കരണം വഴി അധ്വാനഭാരം കുറയ്ക്കാനും ഉത്പാദനം വര്‍ധിപ്പിക്കാനുമാകും -മുഖ്യമന്ത്രി


* യന്ത്രവത്കരണത്തിന് നടപ്പുവര്‍ഷം നൂറുകോടി രൂപയുടെ വായ്പകള്‍ നല്‍കും


കാര്‍ഷിക യന്ത്രവത്കരണം നടപ്പാക്കുന്നതോടെ കര്‍ഷകര്‍ക്ക് സമയലാഭം നേടാനും അധ്വാനഭാരം കുറയ്ക്കാനും കാര്‍ഷികോത്പാദനം വര്‍ധിപ്പിക്കാനും സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാര്‍ഷികരംഗത്ത് യന്ത്രവല്‍ക്കരണം പ്രോല്‍സാഹിപ്പിക്കുന്നതിനായി കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതിയുടെ (സബ് മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷന്‍) ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഈ രീതിയില്‍ നടപ്പുവര്‍ഷം നൂറുകോടി രൂപയുടെ വായ്പകള്‍ നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

പുത്തന്‍ തലമുറയെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കാനും കൃഷി ലാഭകരമാക്കാനും ഉല്‍പാദനം വര്‍ധിപ്പിക്കാനും സാധിക്കണം എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമായി കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതി നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തൊഴിലാളികളുടെ ലഭ്യതക്കുറവ്, വര്‍ദ്ധിച്ച കൂലി, കൃഷി ഭൂമിയുടെ തുണ്ടുവല്‍ക്കരണം തുടങ്ങിയ കാരണങ്ങളാലാണ് പൊതുവെ കാര്‍ഷിക വസ്തുക്കളുടെ ഉല്‍പാദനച്ചെലവ് കൂടുന്നത്. അതുകൊണ്ടുതന്നെ സമയബന്ധിതമായി കൃഷി ഇറക്കുന്നതിനും, ഉല്‍പ്പാദനച്ചെലവ് കുറയ്ക്കുന്നതിനും കാര്‍ഷികവൃത്തികള്‍ ആയാസരഹിതമായി നിര്‍വഹിക്കുന്നതിനും പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തണം.

ഈ പദ്ധതിപ്രകാരം കര്‍ഷകര്‍ക്ക് യന്ത്രോപകരണങ്ങള്‍ വാങ്ങി ഉപയോഗിക്കുന്നതിന് വ്യക്തിഗത ആനുകൂല്യം നല്‍കും. സംരംഭകര്‍ക്കും അംഗീകൃത കര്‍ഷക കൂട്ടായ്മകള്‍, സഹകരണ സംഘങ്ങള്‍, ഗ്രാമ പഞ്ചായത്തുകള്‍, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍ തുടങ്ങിയവയ്ക്കും കാര്‍ഷിക യന്ത്രങ്ങളുടെ കസ്റ്റം ഹയറിങ് സെന്ററുകള്‍ അഥവാ വാടക കേന്ദ്രങ്ങള്‍ തുടങ്ങുന്നതിനാണ് ആനുകൂല്യം നല്‍കുന്നത്.

എട്ടു പേരില്‍ കുറയാത്ത കര്‍ഷകര്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പുകള്‍ക്ക് ഫാം മെഷിനറി ബാങ്കുകള്‍ സ്ഥാപിക്കുന്നതിനും ആനുകൂല്യം നല്‍കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അംഗീകരിച്ചിട്ടുള്ള കാര്‍ഷിക യന്ത്ര പരിശോധന കേന്ദ്രങ്ങളില്‍നിന്നും ഗുണമേന്‍മ അംഗീകാരം ലഭിച്ചിട്ടുള്ള യന്ത്രോപകരണങ്ങള്‍ മാത്രമേ ഈ പദ്ധതിപ്രകാരം വിതരണം ചെയ്യാന്‍ കഴിയൂ എന്നതാണ് പദ്ധതിയുടെ സവിശേഷതകളിലൊന്ന്.

പട്ടികജാതി, പട്ടിക വര്‍ഗ്ഗക്കാര്‍ക്കും, ചെറുകിട നാമമാത്ര സംരംഭകര്‍ക്കും, വനിതാ ഗുണഭോക്താക്കള്‍ക്കും കാര്‍ഷിക യന്ത്രങ്ങളോ ഉപകരണങ്ങളോ വാങ്ങി ഉപയോഗിക്കുന്നതിന് 50 ശതമാനം നിരക്കിലും മറ്റുള്ള ഗുണഭോക്താക്കള്‍ക്ക് 40 ശതമാനം നിരക്കിലുമാണ് വ്യക്തിഗത ആനുകൂല്യം നല്‍കുന്നത്. വാടകകേന്ദ്രങ്ങള്‍ സ്ഥാപിക്കുന്ന സംരംഭകര്‍ക്കും പദ്ധതി തുകയുടെ 40 ശതമാനം സാമ്പത്തികസഹായം നല്‍കും.
ഈ രീതിയില്‍ 60 ലക്ഷം രൂപ വരെ മുതല്‍മുടക്കുള്ള കസ്റ്റം ഹയറിങ് സെന്ററുകള്‍ സ്ഥാപിക്കാം. എന്നാല്‍, കര്‍ഷകരുടെ കൂട്ടായ്മകള്‍ക്ക് ഫാം മെഷിനറി ബാങ്കുകള്‍ സ്ഥാപിക്കുന്നതിന് 80 ശതമാനം സബ്‌സിഡി നിരക്കില്‍ പരമാവധി എട്ടു ലക്ഷം രൂപ സാമ്പത്തിക സഹായം നല്‍കുന്ന തരത്തിലാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് മുന്‍ഗണനയനുസരിച്ച് കാര്‍ഷികയന്ത്രങ്ങള്‍ അംഗീകൃത വിതരണക്കാരില്‍നിന്ന് വാങ്ങാം.
നിലമൊരുക്കല്‍, കൊയ്ത്ത്, ഭക്ഷ്യസംസ്‌കരണം തുടങ്ങിയ മേഖലകളിലൊക്കെ ഇത്തരം കാര്‍ഷികയന്ത്രങ്ങള്‍ വാടകയ്ക്ക് നല്‍കാം. സ്വന്തം കൃഷി ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനുമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങില്‍ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. പട്ടികജാതി-പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ, സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ ചടങ്ങില്‍ സംബന്ധിച്ചു.