ആലപ്പുഴ പൈതൃക പദ്ധതിയിലെ പൂര്‍ത്തിയായ പദ്ധതികളുടെ ഉദ്ഘാടനം
നിര്‍വഹിച്ചു
ആലപ്പുഴ: പല കാരണങ്ങളാലും അർഹിക്കുന്ന വിധത്തിലുള്ള വികസനം ആലപ്പുഴ ജില്ലയ്ക്ക് ഉണ്ടായില്ലെന്നും അത് മാറ്റിയെടുത്ത് ആലപ്പുഴയുടെ പൈതൃകം ശരിയായ രീതിയിൽ സംരക്ഷിക്കുന്നതിനുള്ള നടപടികളാണ് എൽഡിഎഫ് സർക്കാർ എടുത്തുവരുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ആലപ്പുഴയിലെ പ്രധാനപ്പെട്ട കനാലുകളുടെ അവസ്ഥ ഏറ്റവും മോശമായിരുന്നു. അത് ശുദ്ധീകരിക്കുക എന്ന ദൗത്യമാണ് ആദ്യ പടിയായി സ്വീകരിച്ചത്. 30 കോടി രൂപ ചെലവഴിച്ചുള്ള കനാലുകളുടെ ആദ്യഘട്ട ശുചീകരണം പൂര്‍ത്തിയായതായും മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴ നഗര പൈതൃക പദ്ധതിയിൽ പൂർത്തീകരിച്ച പദ്ധതികളുടെ സമർപ്പണവും പുതിയ പദ്ധതികളുടെ തറക്കല്ലിടലും ചൊവ്വാഴ്ച ബീച്ചിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
കനാല്‍ വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യം മൂന്നുതവണ മുഖ്യമന്ത്രി എടുത്തുപറഞ്ഞു. കനാലുകൾ വൃത്തിയായും ആരുടെയും മനസ്സിന് കുളിർമ പകരുന്ന വിധത്തിൽ നിലനിർത്താൻ നഗരവാസികള്‍ ശ്രദ്ധിക്കണം. കനാലുകൾ വൃത്തികേടായി കിടന്നാൽ ആലപ്പുഴയുടെ പെരുമയ്ക്ക് അത് കോട്ടമുണ്ടാക്കും. ഇപ്പോള്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടല്‍ നടത്തിയിട്ടുണ്ട്. പക്ഷേ കനാല്‍ വൃത്തിയായിത്തന്നെ നിലനിര്‍ത്താന്‍ നടപടികള്‍ ബന്ധപ്പെട്ടവര്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കനാല്‍ നവീകരണം ആലപ്പുഴയുടെ വിനോദസഞ്ചാര സാധ്യത വലുതാക്കും. 20മ്യൂസിയങ്ങൾ, പതിനൊന്നു സ്മാരകങ്ങൾ, അഞ്ചു പൊതുഇടങ്ങൾ എന്നിവയാണ് നവീകരണ സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്നത്. ഇതില്‍ ചിലത് പൂര്‍ത്തിയായിട്ടുണ്ട്. യാണ്‍ മ്യൂസിയം, ലിവിങ് കയര്‍ മ്യൂസിയം, മ്യൂസിയം ഓഫ് ലേബര്‍ മൂവ്മെന്റ്, മ്യൂസിയം ഓഫ് കയര്‍ എന്നിവ അന്തിമഘട്ടത്തിലാണ്. അതിവേഗം ഇവ നാടിന് സമർപ്പിക്കാൻ കഴിയും.
പോര്‍ട്ട് മ്യൂസിയം, ശൗക്കാര്‍ മസ്ജിദ്, മിയാവാക്കി വനം, കനാല്‍ നവീകരണം ആദ്യ ഘട്ടം തുടങ്ങിയ പൂര്‍ത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. പോര്‍ട്ട് ഓഫീസിനോട് ചേര്‍ന്നുള്ള ഏകദേശം 10 ഏക്കർ വരുന്ന സ്ഥലത്താണ് പോർട്ട് മ്യൂസിയം തയ്യാറാക്കുന്നത്.
ഗുജറാത്തിലെ പോർബന്തറിൽ നിന്നും ഇവിടെ എത്തിയ സമുദായത്തിൻറെ ആരാധനാലയമായ ശൗക്കാര്‍ മസ്ജിദ് നവീകരിച്ചു സംരക്ഷിത ആരാധന കേന്ദ്രമാക്കി മാറ്റിയിട്ടുണ്ട്. നഗരപ്രദേശങ്ങളിൽ ഇടതൂർന്ന പ്രാദേശികമായി മിയാവാക്കി വനം നിര്‍മിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടത്തിയതായി മുഖ്യമന്ത്രി അറിയിച്ചു.
നാലു കോടി രൂപ ചെലവിൽ ആലപ്പുഴ ബീച്ചിന്റെ സൗന്ദര്യവല്ക്കരണം, 150 വർഷം പഴക്കമുള്ള കടൽ പാലത്തിൻറെ പുനരുദ്ധാരണം, മരിടൈം സിഗ്നല്‍ മ്യൂസിയത്തിന്റെ നിര്‍മാണം, രത്നപണ്ടകശാല നവീകരിച്ച് ഹെറിറ്റേജ് മ്യൂസിയം ആക്കുന്ന പദ്ധതി,സ്റ്റേറ്റ് കയർ കോർപ്പറേഷൻ പുതിയ കെട്ടിടം നിര്‍മാണം , ആദ്യ സമഗ്ര ഗാന്ധിമ്യൂസിയം നിർമ്മാണം, 14 കോടി രൂപ ചെലവിൽ നടത്തുന്ന രണ്ടാംഘട്ട കനാൽ പുനരുദ്ധാരണപദ്ധതി, ലിയോ പതിമൂന്നാമൻ മാർപ്പാപ്പയുടെ സ്മരണയ്ക്കായി കൊച്ചി രൂപത സ്ഥാപിച്ച ലിയോ തേര്‍ട്ടീന്ത് സ്കൂള്‍ നവീകരിച്ച് സ്മാരകമാക്കി നിലനിര്‍ത്തുന്ന പദ്ധതി, ഗുജറാത്ത് ഹെറിറ്റേജ് സെന്റര്‍ തുടങ്ങിയ പദ്ധതികളുടെ നിര്‍മാണ ഉദ്ഘാടനവും മുഖ്യമന്ത്രി ചടങ്ങില്‍ നിര്‍വഹിച്ചു.
ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. അടിസ്ഥാന സൗകര്യ വികസനമാണ് ഈ സർക്കാരിൻറെ മുദ്രാവാക്യമെന്ന് അദ്ദേഹം പറഞ്ഞു. ടൂറിസം മേഖലയിലുള്‍പ്പടെ തൊഴിലവസരങ്ങൾ ഒരുക്കുന്നതിന് സർക്കാർ പ്രത്യേകം ശ്രദ്ധ പുലര്‍ത്തി. ടെക്നോപാർക്കും ഇൻഫോപാർക്കും വികസന പാതയിലൂടെ മുന്നേറുകയാണ്. ഒരു വർഷം കൊണ്ട് മാത്രം 17 ലക്ഷം ചതുരശ്രയടി സൗകര്യം ഐടി പാർക്കുകളില്‍ ഒരുക്കാൻ ഈ സര്‍ക്കാരിന് സാധിച്ചു. ഇൻറർനെറ്റ് അവകാശമാക്കി പ്രഖ്യാപിച്ച സര്‍ക്കാരാണിത്. എല്ലാ ജനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് മായി കെഫോൺ പദ്ധതി നമ്മുടെ സംസ്ഥാനത്ത് വലിയ മാറ്റം കൊണ്ടുവരും. നാട്ടിലെ വിനോദസഞ്ചാര മേഖലക്കും ഇത് ഗുണം ചെയ്യും. തദ്ദേശവാസികൾ കൂടി പ്രയോജനപ്പെടുന്നത് ആകണം ടൂറിസം എന്നതാണ് പിണറായി ഗവൺമെൻറ് നയം. ആ നിലയിൽ നമ്മുടെ തനതു ടൂറിസം ഉത്പന്നങ്ങൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കും. അതിന്റെ ഭാഗമാണ് ആലപ്പുഴ പൈതൃക പദ്ധതി. നമ്മുടെ കൺമുമ്പിൽ മറിഞ്ഞു കൊണ്ടിരിക്കുന്ന പൈതൃക സമ്പത്ത് വീണ്ടെടുക്കാനും സംരക്ഷിക്കാനും അതിനൊപ്പം വികസന പദവിയിലേക്ക് മുന്നേറാനും സഹായിക്കുന്ന പദ്ധതിയാണിതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഡച്ചുകാരും ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും ചൈനക്കാരും ജൂതന്മാരും അറബികളും എല്ലാം ആലപ്പുഴയുമായി കച്ചവട ബന്ധം സ്ഥാപിച്ചു. ആ ചരിത്രശേഷിപ്പുകൾ നാമാവശേഷമാകാതെ കാത്തുസൂക്ഷിക്കണം. കനാലിന്റെ തുടര്‍ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ മുസരിസ് കമ്പനിയെത്തന്നെ ഏല്‍പ്പിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക് പറഞ്ഞു. ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമന്‍, ജലസേചന വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി, തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, എ.എം.ആരിഫ് എം.പി, ജില്ല കളക്ടര്‍ എ.അലക്സാണ്ടര്‍, നഗരസഭാ ചെയര്‍മാന്‍ ഇല്ലിക്കല്‍ കുഞ്ഞുമോന്‍, ടുറിസം സെക്രട്ടറി റാണി ജോര്‍ജ്, ടുറിസം എ.ഡി.ജി വി.ആര്‍.കൃഷ്ണതേജ തുടങ്ങി വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്, വിവിധ സ്ഥാപന മേധാവികള്‍, സാസ്കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.