സംസ്ഥാന വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനം ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ ഓൺലൈൻ വഴി നിർവഹിച്ചു. അങ്കണവാടി പ്രവർത്തകർക്കുള്ള യൂണിഫോം വിതരണം, ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാർക്കുള്ള സമഗ്രചികിത്സ പദ്ധതി, മഹിളാ ശക്തികേന്ദ്ര പദ്ധതി, നവീകരിച്ച കോട്ടയം ജില്ലാ വനിതാ ശിശുവികസന ഓഫീസ് എന്നിവയുടെ ഉദ്ഘാടനമാണ് മന്ത്രി നടത്തിയത്.

സ്ത്രീകളുടേയും കുട്ടികളുടേയും വികസനത്തിനായി വലിയ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. നിലവിലുള്ള പദ്ധതികൾ നല്ല രീതിയിൽ കൊണ്ടു പോകുന്നോടൊപ്പം പുതിയ പദ്ധതികളും സംസ്ഥാന ശിശുവികസന വകുപ്പ് ആവിഷ്‌ക്കരിച്ചിട്ടുണ്ട്. സ്ത്രീകൾക്ക് വേണ്ടിയുള്ള പദ്ധതികൾ ഏറ്റവും ഫലപ്രദമായി നടത്തുന്ന സംസ്ഥാനമാണ് കേരളം. മഹിളാ ശക്തികേന്ദ്ര പദ്ധതി സ്ത്രീകൾക്ക് വളരെയേറെ സഹായകരമാകും. ഇതിനായി എല്ലാവരുടേയും സഹകരണം അഭ്യർത്ഥിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

വനിത ശിശുവികസന വകുപ്പിന് കീഴിലെ അങ്കണവാടികളിൽ സേവനമനുഷ്ടിക്കുന്ന 33,115 അങ്കണവാടി വർക്കർമാർക്കും 32,986 ഹെൽപർമാർക്കുമുള്ള യൂണിഫോം വിതരണത്തിന്റെ ഉദ്ഘാടനമാണ് നടന്നത്. ഒരാൾക്ക് 400 രൂപ നിരക്കിൽ ആകെ 5.29 കോടി രൂപയാണ് യൂണിഫോമിനായി അനുവദിച്ചത്. അങ്കണവാടി വർക്കമാർക്കും ഹെൽപർമാർക്കും അവർക്ക് അനുസൃതമായ 9 വിവിധ അളവുകളിലുള്ള രണ്ട് ഓവർകോട്ട് വീതം ആകെ 1,32,202 ഓവർകോട്ടുകളാണ് വിതരണം ചെയ്യുന്നത്. വർക്കർമാർക്ക് ഗ്രേ നിറത്തിൽ ഗോൾഡൻ യെല്ലോ നിറത്തിൽ ഐ.സി.ഡി.എസ്. എംബ്ലം പതിപ്പിച്ച ഓവർകോട്ടും ഹെൽപർമാർക്ക് ചെറുപയർ പച്ച നിറത്തിൽ ഓഫ് വൈറ്റ് നിറത്തിലുള്ള ഐ.സി.ഡി.എസ്. എംബ്ലം പതിപ്പിച്ച ഓവർകോട്ടുമാണ് വിതരണം ചെയ്യുന്നത്.

തൃശൂർ, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലെ വനിതാ ശിശു വികസന വകുപ്പിന് കീഴിലെ ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാർക്കും കുട്ടികൾക്കും സമഗ്ര ചികിത്സ ലഭ്യമാക്കുന്നതിനായാണ് ഹിന്ദുസ്ഥാൻ ലിവർ ഫാമിലി പ്ലാനിംഗ് ട്രസ്റ്റിന്റെ സാങ്കേതിക സഹായത്തോടെ സമഗ്ര ചികിത്സാ പദ്ധതി ആവിഷ്‌ക്കരിച്ചത്. സ്ഥാപനത്തിലെ എല്ലാ താമസക്കാരുടെയും കുട്ടികളുടെയും പുനരധിവാസത്തിന്റെ ഭാഗമായി വിദഗ്ദരുടെ സഹായത്തോടെ മാനസിക ശാരീരിക ചികിത്സ സംവിധാനങ്ങൾ ഒരുക്കുന്ന പദ്ധതിയാണിത്. തിരുവനന്തപുരം ജില്ലയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ പദ്ധതി വിജയകരമായതിനെ തുടർന്നാണ് കോഴിക്കോട്, തൃശൂർ ജില്ലകളിൽ കൂടി പദ്ധതി വ്യാപിപ്പിക്കുന്നത്. തിരുവനന്തപുരത്തെ 8 ഹോമുകളിൽ പദ്ധതി തുടരുന്നതിനും തൃശൂർ ജില്ലയിലെ 5ഹോമുകളിലും കോഴിക്കോട് ജില്ലയിലെ 6 ഹോമുകളിലും പദ്ധതിആരംഭിക്കുന്നതിനും ധാരണയായിട്ടുണ്ട്.
ഗ്രാമീണ വനിതകൾക്ക് തൊഴിൽ നൈപുണ്യ പരിശീലനം, സാങ്കേതിക പരിജ്ഞാനം, പോഷകാഹാര ആരോഗ്യ പദ്ധതി എന്നീ സേവനങ്ങൾ ഒരേ ഉറവിടത്തിൽ നിന്നും ലഭ്യമാക്കി വനിതകളെ ശാക്തീകരിക്കുക എന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് മഹിളാ ശക്തികേന്ദ്ര ജില്ലാ തലത്തിൽ എല്ലാ ജില്ലാ വനിതാ ശിശുവികസന ഓഫീസുകളിലും പ്രവർത്തിക്കുന്ന ഡി.എൽ.സി.ഡബ്ല്യു. (District Level Cetnre for Women) വഴി സ്ത്രീ ശാക്തീകരണ പദ്ധതികൾ, പ്രോഗ്രാമുകൾ, സേവനങ്ങൾ എന്നിവ ഗ്രാമങ്ങളിൽ എത്തിച്ചുകൊണ്ട് സംസ്ഥാനതലത്തേയും ബോക്ക് തലത്തേയും ഒന്നിപ്പിക്കുന്ന ഒരു ചങ്ങലയായി ഇത് പ്രവർത്തിക്കും. ഇതിലൂടെ ഗ്രാമത്തിലെ താഴെത്തട്ടിൽ വരെ സ്ത്രീകൾക്ക് സഹായം ലഭിക്കും.

മഹിള ശക്തികേന്ദ്ര പദ്ധതിയുടെ ഭാഗമായ ഡി.എൽ.സി.ഡബ്ല്യു.വിന്റെ സംസ്ഥാനതല ഉദ്ഘാടനത്തോടൊപ്പം തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, പാലക്കാട്, കാസർഗോഡ് എന്നീ ജില്ലകളിൽ ഈ സെന്ററിന്റെ പ്രവർത്തനങ്ങളും ആരംഭിക്കുന്നതുമാണ്.
12.88 ലക്ഷം രൂപ ചെലവഴിച്ചാണ് കോട്ടയം ജില്ലാ വനിതാ ശിശുവികസന ഓഫീസ് നവീകരിച്ചത്. കോട്ടയം സിവിൽ സ്റ്റേഷനിലെ ഒന്നാം നിലയാണ് നവീകരിച്ച് ജില്ലാ ഓഫീസാക്കി മാറ്റിയത്.
സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ പദ്ധതി വിശദീകരണം നടത്തി. വനിത ശിശുവികസന വകുപ്പ് ഡയറക്ടർ ടി.വി. അനുപമ സ്വാഗതമാശംസിച്ചു. വനിത ശിശുവികസന വകുപ്പ് ജോ. ഡയറക്ടർ എസ്.എൻ. ശിവന്യ ആശംസയും അഡീഷണൽ ഡയറക്ടർ ബിന്ദു ഗോപിനാഥ് കൃതജ്ഞതയും രേഖപ്പെടുത്തി.

ജില്ലാതലത്തിൽ തോമസ് ചാഴിക്കാടൻ എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽഎ., കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ശാന്തകുമാരി, മുൻസിപ്പൽ ചെയർപേഴ്‌സൺ പ്രമീള ശശിധരൻ, വിവിധ ജില്ലാ കളക്ടർമാർ എന്നിവർ മുഖ്യാതിഥികളായി.