തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിലവിലുള്ള ഭരണസമിതിയുടെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ ജില്ലാ ആസൂത്രണസമിതി അംഗങ്ങളെ ജില്ലാ ആസൂത്രണസമിതി മെമ്പര്‍ സെക്രട്ടറി കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസയുടെ നേതൃത്വത്തില്‍ ആദരിച്ചു. ജില്ലയില്‍ കോവിഡ് പ്രതിരോധം കാര്യക്ഷമമായി നടപ്പാക്കുന്നതില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഹിച്ച പങ്ക് വളരെ വലുതാണെന്ന് കളക്ടര്‍ പറഞ്ഞു. ഇതില്‍ ജില്ലാ പഞ്ചായത്തിന്റെ പങ്ക് വളരെ വലുതായിരുന്നു. പാഥേയം, സ്നേഹസ്പര്‍ശം അടക്കമുള്ള ജില്ലാ പഞ്ചാത്തിന്റെ പദ്ധതികള്‍ മാതൃകാപരമാണെന്നും അവര്‍ പറഞ്ഞു.

ഒരു തദ്ദേശസ്വയംഭരണ സ്ഥാപനമെന്ന നിലയില്‍ ചെയ്യാന്‍ കഴിയുന്നതെല്ലാം കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ ജില്ലാ പഞ്ചായത്ത് ചെയ്തു കഴിഞ്ഞതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു പറഞ്ഞു. ഇതിന്റെ ഭാഗമായി ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍, ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് എന്നിവ നേടിയെടുക്കാനായി. കഴിഞ്ഞ അഞ്ചുവര്‍ഷവും ജില്ലാ ആസൂത്രണസമിതി യോഗം കൃത്യമായി നടത്തി വികസന പദ്ധതികള്‍ ആവിഷ്‌കരിച്ചു. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ജില്ലാ പഞ്ചായത്തിന് മികച്ച പിന്തുണയാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജാ ബീഗം, ആസൂത്രണസമിതി അംഗങ്ങള്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.