എറണാകുളം : ജില്ലയിലെ 45 വയസിനു മുകളിൽ പ്രായമുള്ള റെവന്യൂ ജീവനക്കാർക്ക് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പൾസ് ഓക്സിമീറ്ററും എൻ 95 മാസ്കുകളും വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം റെവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ ഓൺലൈൻ ആയി നിർവഹിച്ചു. കോവിഡ് മഹാമാരി കേരളത്തെയും ഇന്ത്യയെയും ലോകത്തെ തന്നെയും പ്രയാസകരമായ സാഹചര്യത്തിൽ എത്തിച്ചിരിക്കുകയാണ്.
ഈ ഘട്ടത്തിൽ ആരോഗ്യ വകുപ്പിനും പോലീസിനുമൊപ്പം മുന്നിട്ടിറങ്ങിയ റെവന്യൂ ഉദ്യോഗസ്ഥർക്ക് ഉള്ള അംഗീകാരം ആണ്. റെവന്യൂ ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാൻ ജില്ലാ കളക്ടർ കാണിച്ച താത്പര്യം അഭിനന്ദനാർഹം ആണെന്നും മന്ത്രി പറഞ്ഞു. ജില്ലാ കളക്ടർ എസ്. സുഹാസ് പൾസ് ഓക്സി മീറ്ററുകൾ വിതരണം ചെയ്തു.
ജനങ്ങളുടെ നിത്യ ജീവിത പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മാതൃകപരമായ പ്രവർത്തനം ആണ് റെവന്യൂ ഉദ്യോഗസ്ഥർ കാഴ്ച വെക്കുന്നത്. 2018,19 വർഷങ്ങളിലെ പ്രളയത്തിലും കോവിഡ് കാലഘട്ടത്തിലും സ്വന്തം സുരക്ഷിതത്വം നോക്കാതെ റെവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ പ്രവർത്തന സജ്ജരായിരുന്നു. ആവശ്യമായ മുൻകരുതലോ സുരക്ഷ മാനദണ്ഡങ്ങളോ നോക്കാതെയാണ് ഈ സാഹചര്യങ്ങളിൽ ഇവർ സേവനം ചെയ്യുന്നത്.
ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾക്ക് അംഗീകാരം എന്ന നിലയിൽ മഴക്കാലത്തിന് മുന്നോടിയായി ജില്ലയിലെ റെവന്യൂ ജീവനക്കാർക്ക് ജില്ലാ കളക്ടർ മുൻകൈ എടുത്ത് കുട, റെയിൻ കോട്ട്, ടോർച്ച്, ബൂട്ട്, ടി -ഷർട്ട് എന്നിവ വിതരണം ചെയ്തിരുന്നു. ജീവനക്കാർക്ക് സുരക്ഷിത ബോധത്തോടെ ജോലി ചെയ്യാൻ ഇവ സഹായകമായി. ജനങ്ങളുമായി അടുത്തിടപഴകി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് മാനസിക സമ്മർദ്ദങ്ങൾ ഒഴിവാക്കി സുരക്ഷിത ബോധത്തോടെ ജോലി ചെയ്യാൻ പൾസ് ഓക്സി മീറ്ററുകളും എൻ 95 മാസ്കുകളും സഹായകമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
45 വയസിനു മുകളിൽ ഉള്ള ഉദ്യോഗസ്ഥർക്കാണ് പൾസ് ഓക്സി മീറ്ററുകളും എൻ.95 മാസ്കുകളും വിതരണം ചെയ്യുന്നത്.
എ. ഡി. എം. സാബു കെ. ഐസക്, എച്ച്. എസ് ജോർജ് ജോസഫ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.