തൃശ്ശൂർ  : ആനന്ദപുരം ഗവ. യു പി സ്‌കൂള്‍ കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം പ്രൊഫ. കെ യു. അരുണന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. 2019-20 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റില്‍ നിന്നും ഒരു കോടി രൂപയാണ് സ്‌കൂള്‍ കെട്ടിടത്തിന്റെ നിര്‍മ്മാനത്തിനായി ആദ്യഘട്ടത്തില്‍ അനുവദിച്ചിട്ടുള്ളത്. 340.62 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ നിര്‍മിക്കുന്ന കെട്ടിടത്തില്‍ 6 ക്ലാസ്സ് മുറികളും, ശുചി മുറിയും, കോണിമുറിയും വരാന്തയുമാണ് ഉണ്ടാവുക. നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൊതു മരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ നടക്കും.

ആനന്ദപുരം ജിയുപിഎസ് അങ്കണത്തില്‍ ചടങ്ങില്‍ മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സരിത സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എ മനോജ്കുമാര്‍ മുഖ്യാതിഥിയായി. പൊതുമരാമത്ത് കെട്ടിട വിഭാഗം അസി. എഞ്ചിനീയര്‍ വി ആര്‍ ദീപ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിനി സത്യന്‍, മുരിയാട് ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗംഗാദേവി സുനില്‍, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അജിത രാജന്‍, മെമ്പര്‍മാരായ ടി വി വത്സന്‍, എ എം ജോണ്‍സന്‍, പിടിഎ പ്രസിഡന്റ് കെ കെ സന്തോഷ് എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് എസ് ശ്രീകല സ്വാഗതവും വാര്‍ഡ് മെമ്പര്‍ സിന്ധു നാരായണന്‍കുട്ടി നന്ദിയും പറഞ്ഞു.