തിരുവനന്തപുരം :  ജില്ലയില്‍ പ്രവര്‍ത്തനസജ്ജമായ ആറു കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം    വ്യാഴാഴ്ച (നവംബര്‍ 05 )രാവിലെ 10ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും.  മുദാക്കല്‍, മംഗലപുരം, പുതുകുറിച്ചി, തോണിപ്പാറ, മുക്കോല, പൂന്തുറ എന്നിവയാണ് ഉദ്ഘാടനം ചെയ്യുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങള്‍.

ആര്‍ദ്രം മിഷന്റെ ഭാഗമായാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയത്.  ആര്‍ദ്രം മിഷന്റെ ഒന്നാംഘട്ടത്തില്‍ 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും രണ്ടാംഘട്ടത്തില്‍ 503 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമാണ് കുടുബാരോഗ്യ കേന്ദ്രമായി ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതില്‍ 461 എണ്ണം കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തി.  ബാക്കിയുള്ളവ എത്രയും വേഗം പൂര്‍ത്തിയാക്കാനുള്ള നടപടി സ്വീകരിച്ചു വരുന്നു.  ആര്‍ദ്രം മിഷന്റെ മൂന്നാം ഘട്ടത്തില്‍ സംസ്ഥാനത്തെ 212 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്താനും തീരുമാനിച്ചിട്ടുണ്ട്.  ചടങ്ങില്‍ എം.പി.മാര്‍, എം.എല്‍.എ.മാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.