മലപ്പുറം: വില്ലേജ് ഓഫീസുകളില്‍ നിന്നു തുടങ്ങി സാധാരണക്കാര്‍ കൂടുതല്‍ ആശ്രയിക്കുന്ന റവന്യു വകുപ്പിലെ മുഴുവന്‍ ഓഫീസുകളും മികവിന്റെ കേന്ദ്രങ്ങളാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനവും നിര്‍മാണ ഉദ്ഘാടനവും പട്ടയ വിതരണവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആധുനിക സാങ്കേതിക വിദ്യകള്‍ പരമാവധി പ്രയോജനപ്പെടുത്തി റവന്യൂ വകുപ്പിന്റെ സേവനങ്ങള്‍ കടലാസ് രഹിതമാക്കുകയും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുകയുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റമായ രീതിയില്‍ മുന്നോട്ട് പോകുകയാണ്. ആധുനികാലഘട്ടത്തിനനുസരിച്ച് കേരളത്തിനാകെ ഗുണകരമാകുന്ന ബൃഹത്ത് പദ്ധതിയാണ് സര്‍ക്കാര്‍ വിഭാവനം ചെയ്ത് നടപ്പാക്കുന്നതെന്നും ഇക്കാര്യത്തില്‍ പൊതുജനങ്ങളില്‍ നിന്നും ജനപ്രതിനിധികളില്‍ നിന്നും ലഭിക്കുന്ന പിന്തുണയാണ് സര്‍ക്കാറിന്റെ ഊര്‍ജ്ജമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടികളുടെ ഭാഗമായി ജില്ലയിലെ ഒന്‍പത് വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ടാക്കുന്ന പ്രവൃത്തികള്‍ക്കാണ് മുഖ്യമന്ത്രി തുടക്കം കുറിച്ചത്. കാട്ടിപ്പരുത്തി, പൂക്കോട്ടൂര്‍, പാണ്ടിക്കാട്, തൃക്കലങ്ങോട്, ചോക്കാട്, കേരള എസ്റ്റേറ്റ്, നിറമരുതൂര്‍, ഇരുമ്പിളിയം, വാഴയൂര്‍ തുടങ്ങിയ വില്ലേജുകളെയാണ് സ്മാര്‍ട്ടാക്കുന്നത്.
സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ കെട്ടിട നിര്‍മാണോദ്ഘാടനത്തോടനുബന്ധിച്ച് ജില്ലയില്‍ 1200 പേര്‍ക്കുള്ള പട്ടയവിതരണവും മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വഹിച്ചു. ജില്ലയിലെ വിവിധ വില്ലേജ് ഓഫീസുകളില്‍ നടന്ന നിര്‍മാണോദ്ഘാടന ചടങ്ങില്‍ 45 പേര്‍ക്കുള്ള പട്ടയം വിതരണം ചെയ്തു.