സരസ് മേള വൈവിധ്യങ്ങളുടെ മേളയെന്നുള്ള വിശേഷണത്തിന് അടിവരയിടുന്നതാണ് ഭിന്നലിംഗക്കാരുടെ പ്രാതിനിധ്യം. ചിപ്സ് വിഭവങ്ങളുമായെത്തിയ കണ്ണൂരിൽ നിന്നുള്ള നൈസി ഗ്രൂപ്പ്, ജൂസ് വിഭവങ്ങയുമായെത്തിയ കോഴിക്കോട് നിന്നുള്ള പുനർജന്മം ഗ്രൂപ്പ് എന്നിവരാണ് മേളയിലെ ഭിന്നലിംഗക്കാർ. സ്വന്തമായി നിർമിച്ച ചിപ്സ് വിഭവങ്ങളാണ് നൈസി ഗ്രൂപ്പ് മേളയിലെത്തിച്ചിരിക്കുന്നത്. മായ, സന്ധ്യ, അപർണ്ണ, സ്‌നേഹ, റീമ എന്നിവരാണ് സംരംഭകർ. ഭിന്നലിംഗക്കാർക്ക് സംരംഭം തുടങ്ങുന്നതിനായി കുടുംബശ്രീ നൽകുന്ന ഒരു ലക്ഷം രൂപയുടെ ധനസഹായത്തോടെയാണ് നൈസി ഗ്രൂപ്പ് ചിപ്സ് നിർമാണ യൂനിറ്റ് ആരംഭിച്ചത്. മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സംരംഭം തുടങ്ങിയതെന്ന് സംരംഭകരിലൊരാളായ മായ പറഞ്ഞു. ലിംഗ സമത്വത്തിനായുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് ഇത്തരം ശ്രമങ്ങൾ. ഇതര സംസ്ഥാങ്ങളിലേയും കേരളത്തിലെ വിവിധയിടങ്ങളിലേയും മേളകളിൽ പങ്കെടുത്തിട്ടുണ്ട്. കുടുംബശ്രീ നൽകുന്ന പിന്തുണ വലിയ ആത്മവിശ്വാസമാണ് നൽകുന്നതെന്നും മായ പറഞ്ഞു.
വ്യത്യസ്തങ്ങളായ ഫ്രഷ് ജൂസുകളാണ് പുനർജന്മം ജൂസ് കോർണറിലുള്ളത്. പച്ചക്കറി ജൂസുകൾക്കാണ് ആവശ്യക്കാർ ഏറെയും. നെല്ലിക്ക ഉപയോഗിച്ച് ഏഴ് തരം ജൂസുകളാണ് ഇവർ തയ്യാറാക്കുന്നത്. പൈനാപ്പ്ൾ, ഓറഞ്ച്, മുന്തിരി, തണ്ണിമത്തൻ ജൂസുകളും കോഴിക്കോടൻ മിൽക്ക് സർബത്തും ഇവിടെ ലഭിക്കും. കോഴിക്കോട് ജില്ലാ കുടുംബശ്രീ മിഷന്റെ കീഴിലുള്ള പുനർജന്മം കേരളത്തിലെ വിധയിടങ്ങളിൽ നടന്ന ഒമ്പത് മേളകളിൽ പങ്കെടുത്തിട്ടുണ്ട്. മോനിഷ, അലീന, ഷംന, വർഷ എന്നിവരാണ് ജൂസ് കോർണറിലുള്ളത്.