സ്റ്റുഡന്റ് പൊലീസ് കെഡറ്റുകളുടെ ജില്ലാതല കാംപ് ഏപ്രിൽ അഞ്ച് മുതൽ ഒമ്പത് വരെ പാതിരിപ്പാല മൗണ്ട് സീന പബ്ലിക് സ്‌കൂളിൽ നടക്കും. ഏപ്രിൽ അഞ്ച് വൈകിട്ട് 6.30 ന് ജില്ലാ കലക്റ്റർ ഡോ: പി.സുരേഷ് ബാബു കാംപ് ഉദ്ഘാടനം ചെയ്യും. 36 വിദ്യലയങ്ങളിൽ നിന്നുള്ള കെഡറ്റുകളും അധ്യാപകരും ഉൾപ്പടെ 700 പേർ അഞ്ച് ദിവസത്തെ കാംപിൽ പങ്കെടുക്കും.
പരേഡ്, കലാ-കായിക മത്സരങ്ങൾ, ബോധവത്ക്കരണ ക്‌ളാസുകൾ എന്നിവ കാംപിന്റെ ഭാഗമായി നടക്കും. ലഹരിക്കെതിരെ എക്സൈസ് വകുപ്പിന്റെ തെരുവ് നാടകം, റോഡ് സുരക്ഷയെക്കുറിച്ച് മോട്ടോർ വാഹനവകുപ്പിന്റെ ‘ശുഭയാത്ര’ ബോധവത്ക്കരണ ക്ലാസ് എന്നിവ നടക്കും. വിദ്യാർഥികളിലെ ആത്മവിശ്വാസവും സാമൂഹിക പ്രതിബദ്ധതയും വളർത്തുന്നതിനായി പൊലീസ്-വിദ്യാഭ്യാസ വകുപ്പുകൾ സംയുക്തമായി 2010 ൽ തുടങ്ങിയ പദ്ധതിയാണ് സ്റ്റുഡന്റ് പൊലീസ് കെഡറ്റ്സ്. ഏപ്രിൽ ഒമ്പതിന് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാർ ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ സംഘാടക സമിതി യോഗം ജില്ലാ കലക്റ്റർ ഡോ: പി.സുരേഷ് ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്നു.ഡി.വൈ.എസ്.പി. എസ്. ദേവമനോഹർ, വിദ്യാഭ്യാസ ഉപഡയറക്റ്റർ പി.കൃഷ്ണൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.