പത്തനംതിട്ട: തന്റെ ജീവിതത്തിലെ വലിയ സ്വപ്നം പൂവണിഞ്ഞ സന്തോഷത്തിലാണ് മല്ലപ്പുഴശേരി കാരംവേലി ഇടപ്പാറ വീട്ടില്‍ പി.ഇ. വിനോദ്. 60 വര്‍ഷത്തില്‍ അധികമായി തന്റെ അമ്മൂമ്മ കാളി മുതല്‍ താമസിച്ചിരുന്ന നാല് സെന്റ് ഭൂമിക്ക് കുടികിടപ്പ് അവകാശ രേഖ (എല്‍ടി പട്ടയം) കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ വീണാ ജോര്‍ജ് എംഎല്‍എയുടെ കൈയില്‍ നിന്ന് വിനോദ് ഏറ്റു വാങ്ങി.

45 വയസുള്ള വിനോദിന് ഗ്രാമപഞ്ചായത്തിന്റെ ഭവനങ്ങള്‍ക്കുള്ള ഗുണഭോക്തൃ ലിസ്റ്റില്‍ കഴിഞ്ഞ അഞ്ച് പ്രാവശ്യവും ഉള്‍പ്പെട്ടെങ്കിലും ഭൂമി കുടികിടപ്പ് അവകാശ രേഖ  ഇല്ലാത്തതിനാല്‍ പുതിയ വീട് എന്ന സ്വപ്നം ഒരു തടസമായി നില്‍ക്കുകയായിരുന്നു. ഭൂമി കുടികിടപ്പ് അവകാശ രേഖയുടെ പകര്‍പ്പ് എത്രയുംവേഗം മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്തില്‍ നല്‍കാനുള്ള തിടുക്കത്തിലാണ് പി.ഇ. വിനോദ്. താമസിക്കുന്ന ഭൂമിക്ക് കുടികിടപ്പ് അവകാശ രേഖ ലഭിക്കാന്‍ 10 വര്‍ഷം മുമ്പ് അമ്മ തങ്കമ്മ ജീവിച്ചിരിക്കുമ്പോള്‍ തന്നെ അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും ഇപ്പോഴാണ് പട്ടയം എന്ന സ്വപ്നം സാക്ഷാല്‍കരിച്ചത്.

വിനോദിന്റെ ഭാര്യ ശോഭനയും മകന്‍ വിപിനും ഭാര്യ താരയുമാണ്  വീട്ടില്‍ കഴിയുന്നത്. വിനോദിന്റെയും ശോഭനയുടെയും മകള്‍ സ്വപ്ന ജോബിന്‍ ഭര്‍ത്തൃ വീട്ടില്‍ കഴിയുന്നു. മേസ്തിരിപ്പണി ചെയ്താണ് പി.ഇ. വിനോദ് കുടുംബം പോറ്റുന്നത്. താമസിക്കുന്ന ഭൂമിക്ക് കുടികിടപ്പ് അവകാശ രേഖ ലഭിക്കാന്‍ സഹായിച്ച സംസ്ഥാന സര്‍ക്കാരിനും റവന്യൂ വകുപ്പിനും അകമഴിഞ്ഞ നന്ദി അറിയിക്കുന്നതായി പി.ഇ. വിനോദ് പറഞ്ഞു.