എറണാകുളം: കേരളത്തിലെ സഹകരണ മേഖലയിലെ ഉല്പന്നങ്ങൾ ഇനി ഏകീകൃത ബ്രാൻഡിൽ. ഉല്പന്നങ്ങളുടെ വിപണന കേന്ദ്രമായ കോ-ഓപ് മാർട്ട് ഔട്ട്ലെറ്റ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഒക്കൽ സർവീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ പെരുമ്പാവൂരിലാണ് ഔട്ട്ലെറ്റ് തുറന്നത്. എൽദോസ് കുന്നപ്പിള്ളി എം എൽ എ ആദ്യ വിൽപ്പന നടത്തി.

പരീക്ഷണടിസ്ഥാനത്തിൽ നാല് കേന്ദ്രങ്ങളിൽ ആരംഭിക്കുന്ന കോ-ഓപ് മാർട്ട് ഔട്ട് ലെറ്റുകൾ സംസ്ഥാനത്താകെ നടപ്പിലാക്കാൻ ശ്രമിക്കുമെന്ന് മന്ത്രി പറഞ്ഞു. 75 സംഘങ്ങൾ ഉല്പാദിപ്പിക്കുന്ന 200ലധികം വ്യത്യസ്ത ഉല്പന്നങ്ങളാണ് വിപണനത്തിനുള്ളത്. വിപണിയിൽ നിലനിൽക്കുന്നതിന് ഉല്പന്നങ്ങളുടെ ബ്രാൻഡിംഗ് അത്യന്താപേക്ഷിതമാണ്. ഗുണഭോക്താക്കൾക്ക് ഗുണമേന്മയേറിയ ഉല്പന്നങ്ങൾ ന്യായവിലയിൽ ലഭ്യമാക്കുക, ദേശീയ അന്തർദ്ദേശീയ വിപണിയിലേക്ക് ചുവടുവയ്ക്കുക, ഓൺലൈൻ വിപണി സൃഷ്ടിക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്. കയർ, കൈത്തറി, ക്ഷീര, മത്സ്യ, ഖാദി, കശുവണ്ടി മേഖലയിലെ ഉല്പന്നങ്ങളും ഭാവിയിൽ മാർട്ടിലൂടെ ലഭ്യമാക്കും. വെളിച്ചെണ്ണ, ശർക്കര, അരി, ആട്ട, ഗോതമ്പ് , റവ, മൈദ, ചായപ്പൊടി, പാൽ, നെയ്യ്, പച്ചക്കറി വിത്തുകൾ, തുണിത്തരങ്ങൾ, സോപ്പുകൾ, ചെരുപ്പുകൾ തുടങ്ങി സംഘങ്ങളുടെ ഉല്പന്നങ്ങൾ വിപണിയിലൂടെ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

ബാങ്ക് പ്രസിഡൻ്റ് ടി.വി.മോഹനൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സഹകരണ സംഘം ജോ. രജിസ്ട്രാർ സജീവ് .എം. കർത്താ, ജില്ലാ പഞ്ചായത്തംഗം ശാരദ മോഹൻ, ഒക്കൽ സഹകരണ ബാങ്ക് സെക്രട്ടറി അഞ്ജു ടി.എസ് എന്നിവർ പങ്കെടുത്തു.