എയ്ഡഡ് സ്‌കൂളുകളിൽ നിയമാനുസൃതം നിയമിക്കപ്പെട്ടവരും എന്നാൽ ഇതുവരെ നിയമനാംഗീകാരം ലഭിക്കാത്തതുമായ അദ്ധ്യാപകരുടെ നിയമനങ്ങൾക്ക് അംഗീകാരം നൽകാൻ ധാരണയായി. നിലവിലുള്ള സംരക്ഷിതാദ്ധ്യാപകരെ പൂർണ്ണമായും മാനേജ്‌മെന്റ് ഒഴിവുകളിലേയ്ക്ക് നിയമിക്കാമെന്ന ഉറപ്പി•േൽ നിലവിൽ നിയമനാംഗീകാരം ലഭിക്കാത്ത നിയമപ്രകാരം അർഹമായ തസ്തികകളിൽ നിയമിക്കപ്പെട്ട, മുഴുവൻ അദ്ധ്യാപകർക്കും നിയമനാംഗീകാരം നൽകും.
1:1 പ്രകാരം നിയമനം നടത്തുന്ന വിഷയം നിലവിൽ കോടതികളിൽ നിലനിൽക്കുന്ന കേസുകളിലെ അന്തിമവിധി പാലിച്ചുകൊണ്ടായിരിക്കും നടപ്പാക്കുകയെന്നും തീരുമാനിച്ചു.
ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്ക്, പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് എന്നിവരുമായി കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് കത്തോലിക്കാ ബാവ, ബിഷപ്പ് ജോഷ്വോ മാർ ഇഗ്‌നാത്തിയോസ് എന്നിവരുടെ നേതൃത്വത്തിലുള്ള മാനേജ്‌മെന്റ് പ്രതിനിധികൾ നടത്തിയ ചർച്ചയിലാണ് ധാരണയായത്. പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ.ഷാജഹാൻ, അഡീഷണൽ ഡി.പി.ഐ. സന്തോഷ് എന്നിവരും പങ്കെടുത്തു.