•79 സ്‌കൂൾ കെട്ടിടങ്ങളുടെ നിർമാണത്തിന് തുടക്കമായി

സംസ്ഥാനത്ത് പുതിയതായി നിർമിച്ച 46 സർക്കാർ സ്‌കൂൾ കെട്ടിടങ്ങൾ നാടിന് സമർപ്പിച്ചു. 79 സർക്കാർ സ്‌കൂൾ കെട്ടിടങ്ങളുടെ നിർമാണത്തിന് തുടക്കവുമായി. ഇതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിൽ നിർവഹിച്ചു.
രണ്ടു ഘട്ടങ്ങളിലായ 124 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 54 എണ്ണത്തിന്റെ ശിലാസ്ഥാപനവും നേരത്തെ നടന്നിരുന്നു. സംസ്ഥാന സർക്കാർ നടപ്പാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് തലയുയർത്തിപ്പിടിക്കാനായെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയിൽ ഉണ്ടായ വലിയ കുതിച്ചു ചാട്ടത്തിന്റെ തെളിവാണ് ഈ നടക്കുന്ന സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനങ്ങളും ശിലാസ്ഥാപന കർമ്മങ്ങളുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ നാലരക്കൊല്ലത്തില്‍ ക്ലാസ്മുറികള്‍ ഹൈടെക്കാവുന്നു. ലാബുകള്‍ നവീകരിക്കപ്പെടുന്നു. അധ്യയനം അന്താരാഷ്ട്ര നിലവാരത്തിലാവുന്നു. കുട്ടികള്‍ പൊതുവിദ്യാലയങ്ങളിലേക്ക് തിരിച്ചുവരുന്നു. പൊതുവിദ്യാലയങ്ങള്‍ മാതൃകകളാവുന്നു. അവിടെ കുട്ടികളെ പഠിപ്പിക്കാന്‍ രക്ഷകര്‍ത്താക്കളില്‍ അഭൂതപൂര്‍വമായ ആവേശമാണ് . പൊതുവിദ്യാഭ്യാസ യജ്ഞത്തിൻ്റെ വിജയം നാളെയുടെ മുതൽക്കൂട്ടാണ്. കേരളത്തിൻ്റെ ശോഭനമായ ഭാവിയുടെ അടിത്തറയാണ് ഇതിലൂടെ നമ്മൾ നിർമ്മിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ജില്ലയിൽ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി മൂന്നു പുതിയ സ്കൂൾ കെട്ടിടങ്ങൾ ആണ് ഉദ്ഘാടനം ചെയ്തത്.
ചേർത്തല നിയോജകമണ്ഡലത്തിലെ 5 കോടി കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മാണ പ്രവർത്തനം പൂർത്തിയായ ചേർത്തല ഗവ.ഗേൾസ്.ഹയർ സെക്കൻഡറി സ്കൂൾ സി.ബ്ലോക്ക് കെട്ടിടം, മാവേലിക്കര നിയോജകമണ്ഡലത്തിലെ പ്ലാൻ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഗവ.എൽ.പി.എസ്.കണ്ണനാംകുഴിയിലെ പുതിയ കെട്ടിടം , കുട്ടനാട് നിയോജകമണ്ഡലത്തിലെ അന്തരിച്ച എം.എൽ.എ. തോമസ് ചാണ്ടിയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കരുമാടി കെ.കെ. കുമാരപിളള സ്മാരക ഗവ.ഹൈസ്കൂളിലെ പുതിയ കെട്ടിടം എന്നീ സ്കൂൾ കെട്ടിടങ്ങൾ ആണ് ഉദ്ഘാടനം ചെയ്തത്.

പുതുതായി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്ന 8 സ്കൂളുകളുടെ ശിലാസ്ഥാപന കർമ്മവും നിർവഹിച്ചു. ആലപ്പുഴ നിയോജകമണ്ഡലത്തിലെ ഗവ.യൂ.പി.എസ്.പൂന്തോപ്പിൽ ഭാഗം, ഗവ.യൂ.പി.എസ്.തമ്പകചുവട്, ഗവ.എൽ.പി.എസ്- മാരാരിക്കുളം, എസ്.സി.എം.വി.യൂ.പി.എസ്. പൂങ്കാവ്, ഗവ.എൽ.പി.എസ്. കലവൂർ, വി.വി.എസ്.ഡി.യൂ.പി.എസ്. പാതിരപ്പള്ളി, ഗവ.യൂ.പി.എസ്.ആര്യാട് നോർത്ത്, ചെങ്ങന്നൂർ നിയോജകമണ്ഡലത്തിലെ ഹരിജനോദ്ധാരണി ഗവ.എൽ.പി.എസ്.ചെന്നിത്തല എന്നീ സ്കൂൾ കെട്ടിടങ്ങളുടെ ശിലാസ്ഥാപന കർമ്മമാണ് നടന്നത്.

ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു.
ധനകാര്യ കയർ വകുപ്പ് മന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് മുഖ്യപ്രഭാഷണം നടത്തി, മന്ത്രിമാരായ പി. തിലോത്തമൻ, വി. എസ് സുനിൽകുമാർ, എ. കെ ബാലൻ, കടന്നപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.

കണ്ണനാകുഴി ഗവ :എൽ. പി. സ്കൂളിന്റെ പുതിയ കെട്ടിടം നാടിന് സമർപ്പിച്ചു

മാവേലിക്കര : പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മാവേലിക്കര നിയോജകമണ്ഡലത്തിലെ താമരക്കുളം പഞ്ചായത്തിൽ ഉൾപ്പെടുന്ന കണ്ണനാകുഴി ഗവ:എൽ. പി.സ്കൂളിനായി നിർമ്മിച്ച പുതിയ കെട്ടിടം നാടിന് സമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെയാണ് സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.

ഓൺലൈൻ ഉദ്ഘാടന ചടങ്ങിന് ശേഷം ആർ. രാജേഷ് എം. എൽ. എ സ്കൂൾ കെട്ടിടത്തിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. തുടർന്ന് സ്കൂൾ അങ്കണത്തിൽ നടന്ന സമ്മേളനം എം. എൽ. എ ഉദ്ഘാടനം ചെയ്തു. സർക്കാരിന്റെയും -പൊതുസമൂഹത്തിന്റെയും കൂട്ടായുള്ള പ്രവർത്തനത്തിന്റെ ഫലമായാണ് കണ്ണനാകുഴി ഗവ : എൽ. പി. സ്കൂളിന് പുതിയ കെട്ടിടം യഥാർഥ്യമായതെന്ന് അദ്ദേഹം പറഞ്ഞു.

ജനകീയ പിന്തുണയോടെ കൂടി പുതിയ സ്ഥലം വാങ്ങി സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും 70 ലക്ഷം രൂപയും ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിന്റെ 12 ലക്ഷം രൂപയും വിനിയോഗിച്ചാണ് സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.

താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ വി. ഗീത സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഭരണിക്കാവ് ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ലീന ടീച്ചർ, ജനപ്രതിനിധികളായ ശാന്ത ശശാങ്കൻ, ബിജി സുഗതൻ, ബിന്ദു ഷംസുദീൻ, സ്കൂൾ എച്ച്. എം റംലാബീവി തുടങ്ങിയവർ പങ്കെടുത്തു.

കരുമാടി കെ കെ കുമാരപിള്ള സ്മാരക ഗവണ്മെന്റ് ഹൈസ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു

ആലപ്പുഴ :അന്തരിച്ച മുൻ എം എൽ എ തോമസ് ചാണ്ടിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 47 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച കരുമാടി കെ കെ കുമാരപിള്ള സ്മാരക ഗവണ്മെന്റ് ഹൈ സ്കൂളിന്റെ പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്തു.
കരുമാടി സ്കൂളിൽ വെച്ച് നടത്തിയ ചടങ്ങിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് ജി വേണുഗോപാൽ മുഖ്യാതിഥിയായി.തകഴി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് അംബിക ഷിബു,ആലപ്പുഴ ജില്ലാ പഞ്ചായത്ത്‌ അംഗം ബിനു ഐസക്ക് രാജു, ചമ്പക്കുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ കെ പ്രകാശൻ,തകഴി ഗ്രാമപഞ്ചായത്ത്‌ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മേരി സിൻഡ്രല്ല, കെ കെ കുമാരപിള്ള ഗവ. ഹൈ സ്കൂൾ ഹെഡ്മിസ്ട്രസ്സ് ഷൈനി വി എന്നിവർ പങ്കെടുത്തു.

ചെന്നിത്തല ഹരിജനോദ്ധാരണി ഗവ.എൽ.പി. സ്കൂൾ

ചെങ്ങന്നൂർ നിയോജകമണ്ഡലത്തിലെ ചെന്നിത്തല ഹരിജനോദ്ധാരണി ഗവ.എൽ.പി.എസ്. നിർമ്മാണ പ്രവർത്തനങ്ങളുടെ ശിലാഫലകം അനാച്ഛാദനം സജി ചെറിയാൻ എം. എൽ. എ. നിർവഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ജേക്കബ് ഉമ്മൻ, മാവേലിക്കര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രഘു പ്രസാദ്, ചെന്നിത്തല പഞ്ചായത്ത് പ്രസിഡന്റ് ഇ. എൻ നാരായണൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുധാകര കുറുപ്പ്, സ്കൂൾ പിടിഎ പ്രസിഡന്റ് ബീന മണിക്കുട്ടൻ, ഹെഡ്മിസ്ട്രസ് മിനി കുമാരി. പി തുടങ്ങിയവർ സന്നിഹിതരായി.