ആലപ്പുഴ :ജില്ലയിലെ കോവിഡ് പ്രവർത്തനങ്ങളുടെ ഭാഗമായി മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ ആയില്യമഹോത്സവം, തുറവൂര്‍ മഹാക്ഷേത്രത്തിലെ തിരുവുത്സവം എന്നിവ നടത്തുന്നത് നിബന്ധനകൾ പാലിച്ചായിരീക്കണമെന്ന് എന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് ജില്ലാ കലക്ടർ പുറത്തിറക്കി.

ആയില്യദിവസമായ നവംബര്‍ 8ന് മണ്ണാറശ്ശാല ക്ഷേത്ര കോമ്പൗണ്ടില്‍ 50 പേരെ മാത്രം പങ്കെടുപ്പിച്ച് ആചാരപരമായ ചടങ്ങുകള്‍ മാത്രം ഉള്‍ക്കൊള്ളിച്ച് ചുരുങ്ങിയ രീതിയില്‍ ആയില്യമഹോത്സവം നടത്തണമെന്നാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശം. തുറവൂര്‍ മഹാക്ഷേത്രത്തിലെ തിരുവുത്സവം സംബന്ധിച്ചും പ്രധാനദിവസം മാത്രം ക്ഷേത്ര കോമ്പൗണ്ടില്‍ 50 പേരെ മാത്രം പങ്കെടുപ്പിച്ച് ആചാരപരമായ ചടങ്ങുകള്‍ മാത്രം ഉള്‍ക്കൊള്ളിച്ച് ചുരുങ്ങിയ രീതിയില്‍ ഉത്സവം നടത്തണം.

ഉത്സവങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള ആഘോഷങ്ങളോ കലാപരിപാടികളോ അനുവദിക്കില്ല. പത്തുവയസ്സിനും 65 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മാത്രമെ ക്ഷേത്ര കോമ്പൗണ്ടിനുള്ളില്‍ പ്രവേശനം അനുവദിക്കൂ. സാമൂഹിക അകലം പാലിച്ച് മാസ്‌ക് ധരിച്ചു മാത്രമായിരിക്കും പൊതുജനങ്ങള്‍ക്ക് പ്രവേശനം. പ്രസാദവിതരണം, സദ്യ എന്നിവ ഒഴിവാക്കാനും നിര്‍ദേശം നല്കിയിട്ടുണ്ട്.