തിരുവനന്തപുരം: പള്ളിത്തുറ നിവാസികളുടെ കാലങ്ങൾ നീണ്ട സ്വപ്നം സാക്ഷത്കരിച്ച് പള്ളിതുറ ഹയർ സെക്കന്ററി സ്കൂളിനും പള്ളിക്കും സ്വന്തം ഭൂമി ലഭ്യമായി. സ്കൂളും പള്ളിയും സ്ഥിതി ചെയുന്ന ഭൂമിയ്ക്കുള്ള പട്ടയം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ കൈമാറി. പള്ളിയുടെ പട്ടയം ഇടവക വികാരി ഫാ ലെനിൻ ഫെർണാണ്ടസും സ്കൂളിന്റെ പട്ടയം കോർപ്പറേറ്റ് മാനേജർ ഫാ ഡെയ്സൺ യേശുദാസും ഏറ്റുവാങ്ങി.
പാവപ്പെട്ട ജനങ്ങൾക്ക് സ്വന്തമായി ഭൂമി നൽകുക എന്ന പ്രഖ്യാപനത്തോടെ അധികാരത്തിൽ വന്ന ഈ സർക്കാർ അക്ഷരാർത്ഥത്തിൽ വാക്ക് പാലിച്ചിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. മത്സ്യ തൊഴിലാളി വിഭാഗത്തിന് സുരക്ഷിതമായി താമസിക്കാൻ എല്ലാ വിധ സൗകര്യങ്ങളും സർക്കാർ നടപ്പിലാക്കുകയാണെന്നും മന്ത്രി പറഞ്ഞു.
വി എസ് എസ് സി സ്ഥാപിക്കുന്നതിനായി തുമ്പ പ്രദേശത്ത് താമസിച്ചിരുന്ന മത്സ്യ തൊഴിലാളികൾ തങ്ങളുടെ ആരാധനാലയം ഉൾപ്പെടെ സ്ഥിതി ചെയ്തിരുന്ന സ്ഥലം വിട്ടു നൽകി പള്ളിത്തുറയിൽ കുടിയേറി താമസിക്കുകയായിരുന്നു. കുടിയേറി താമസിച്ച പ്രദേശത്തെ 41 മത്സ്യ തൊഴിലാളി കുടുംബങ്ങൾക്ക് ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം പട്ടയം നൽകിയിരുന്നു . ഇതിനുപുറമെയാണ് ഇപ്പോൾ പള്ളിക്കും സ്കൂളിനും പട്ടയം അനുവദിച്ചത്. തുടർന്നും പ്രദേശത്തിന്റെ ഉന്നമനത്തിനായി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.
മേയർ കെ ശ്രീകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പള്ളിത്തുറ വാർഡ് കൗൺസിൽ പ്രതിഭ ജയകുമാർ ഇടവക വികാരി ഫാ. ലെനിൻ ഫെർണാണ്ടസ് തുടങ്ങിയവർ പങ്കെടുത്തു.