തിരുവനന്തപുരം: ജില്ലാ പഞ്ചായത്ത്‌ പാലോട് ആറ്റുകടവിൽ നിർമിച്ച റിവർ പാർക്കിൻ്റെ ഉദ്ഘാടനം മ്യൂസിയം- പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
സിംഫണി ഗ്രന്ഥശാല, ഹൈടെക് പബ്ലിക് അമിനിറ്റി സെന്റർ ( വഴിയമ്പലം), മോഡേൺ ചിൽഡ്രൻസ് പാർക്ക് എന്നിവ ചേർന്നതാണ് റിവർ പാർക്ക്.

വികസന പദ്ധതികൾ ഏറ്റെടുത്തു നടപ്പാക്കുന്നതിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്‌ മുൻപന്തിയിലാണെന്ന് മന്ത്രി പറഞ്ഞു. ഗ്രന്ഥശാല പ്രസ്ഥാനം നവോത്ഥാനത്തിന് നൽകിയ സംഭാവനകൾ സുപ്രധാനമാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ഭാഗമായാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പാലോട് ആറ്റു കടവിൽ റിവർ പാർക്ക് നിർമ്മിച്ചത്.
തെങ്കാശി ദേശീയ പാതയിലെ പ്രകൃതിരമണീയമായ പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. മധു ചടങ്ങിൽ അധ്യക്ഷനായിരുന്നു. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. പി.ചന്ദ്രൻ, നന്ദിയോട് പഞ്ചായത്ത് പ്രസിഡന്റ് ദീപ സുരേഷ്, വൈസ് പ്രസിഡന്റ് രാധ ജയപ്രകാശ്, പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.