കണ്ണൂര്‍ നാച്വറല്‍ റബര്‍ പ്രൊഡക്റ്റ്സ് ലിമിറ്റഡിന്റെ റബര്‍ ഗ്ലൗസ് ഫാക്ടറിയുടെ ശിലാസ്ഥാപനം മട്ടന്നൂര്‍ കിന്‍ഫ്ര പാര്‍ക്കില്‍ വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ നിര്‍വഹിച്ചു.
ഇത്തരത്തില്‍ റബര്‍ അധിഷ്ഠിത സംരംഭം ആരംഭിക്കുന്നതിലൂടെ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ റബര്‍ കര്‍ഷകരെ സംരക്ഷിക്കാന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു. തികച്ചും കാര്‍ഷിക പ്രാധാന്യമുള്ളതും റബര്‍ കര്‍ഷകര്‍ ഏറെയുള്ളതുമായ മേഖലയാണ് മട്ടന്നൂര്‍. ആധുനിക കാലഘട്ടത്തില്‍ ഒട്ടനവധി ഉല്‍പന്നങ്ങള്‍ നിര്‍മിക്കാന്‍ അത്യാവശ്യമായ മൂല്യവര്‍ധിത വസ്തു കൂടിയാണ് റബര്‍. എന്നാല്‍ റബറിന്റെ വിലത്തകര്‍ച്ച മൂലം കൃഷിക്കാര്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. റബര്‍ കൃഷി തുടര്‍ന്ന് കൊണ്ടുപോകാന്‍ കഴിയാത്തതിനാല്‍ മുറിച്ചു മാറ്റുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. റബര്‍ അസംസ്‌കൃത വസ്തുവായി ഉപയോഗപ്പെടുത്തി മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മിച്ച് വിപണനം നടത്തുന്നത് വഴി ഈ പ്രതിസന്ധിക്ക് ഒരു പരിധിവരെ പരിഹാരം കാണാന്‍ കഴിയും.
ഈ സംരംഭം വഴി ആദ്യഘട്ടത്തില്‍ റബര്‍ ഉപയോഗിച്ച് സര്‍ജിക്കല്‍ ഗ്ലൗസ് നിര്‍മിച്ച് വിപണനം നടത്താനാണ് ഉദ്ദേശിക്കുന്നത്. ഇതിനായുള്ള വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് റബര്‍ ബോര്‍ഡ് തയ്യാറാക്കിയിട്ടുണ്ട്. കെ എസ് ഐ ഡി സിക്കാണ് സംരംഭത്തിന്റെ ചുമതല. കമ്പനിയുടെ 19 ശതമാനം ഓഹരി കെഎസ്ഐഡിസിക്കാണ്. 25 ശതമാനം ഓഹരി കിന്‍ഫ്ര ഏറ്റെടുത്തിട്ടുണ്ട്. ഇന്‍ക്വല്‍, സഹകരണ ബാങ്കുകള്‍, റബര്‍ കര്‍ഷകര്‍, സ്വകാര്യ സംരംഭകര്‍ എന്നിവര്‍ ഈ സംരംഭത്തില്‍ പങ്കാളികളായിരിക്കും. 25 കോടി രൂപയാണ് പ്രൊജക്ടിന്റെ അടങ്കല്‍തുക.  ഫാക്ടറി പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടു കൂടി  നിരവധി പേര്‍ക്ക് തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കാന്‍ കഴിയും. എത്രയും പെട്ടെന്ന് ഫാക്ടറിയുടെ നിര്‍മാണം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
വെള്ളിയാംപറമ്പ് കിന്‍ഫ്ര വ്യവസായ പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് എം രാജന്‍ അധ്യക്ഷനായി. ജെയിംസ് മാത്യു എംഎല്‍എ, കെഎസ്ഐഡിസി സ്പെഷ്യല്‍ പ്രൊജക്ട്സ് ഡയറക്ടര്‍ ജി അശോക്ലാല്‍, മട്ടന്നൂര്‍ നഗരസഭാ അധ്യക്ഷ അനിതാ വേണു, നഗരസഭാ വൈസ് ചെയര്‍മാന്‍ പി പുരുഷോത്തമന്‍, ജില്ലാ പഞ്ചായത്തംഗം കെ മഹിജ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്തംഗം കെ വി മിനി, കീഴല്ലൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ പ്രഭാകരന്‍, ഇന്‍ക്വല്‍ എംഡി എ മോഹന്‍ലാല്‍, കിന്‍ഫ്ര സോണല്‍ മാനേജര്‍ പി മുരളി, റബര്‍ പ്രൊഡക്ട്സ് സ്പെഷ്യല്‍ തഹസില്‍ദാര്‍ കെ പി വേണുഗോപാലന്‍ എന്നിവര്‍ പങ്കെടുത്തു.