എറണാകുളം: മടപ്ലാത്തുരുത്ത് സ്മൈൽ കൃഷി ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ ഒന്നര ഏക്കർ സ്ഥലത്ത് മധുരക്കിഴങ്ങ് കൃഷിയാരംഭിച്ചു. മടപ്ലാത്തുരുത്ത് ഒൻമ്പതാം വാർഡിലെ മധുരക്കിഴങ്ങ് കൃഷിയുടെ നടീൽ ഉദ്ഘാടനം പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് യേശുദാസ് പറപ്പിള്ളി നിർവ്വഹിച്ചു.

വടക്കേക്കര ഗ്രാമപഞ്ചായത്തിലെ ഇരുപത് വാർഡുകളിലും മധുരക്കിഴങ്ങ് കൃഷി വ്യാപനപ്രവർത്തനങ്ങൾ നടന്നുവരുകയാണ്.തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം സി.റ്റി.സി.ആർ.ഐ യുടെ സഹായത്തോടെയാണ് മധുരക്കിഴങ്ങ് കൃഷി വ്യാപന പദ്ധതിയായ മധുര ഗ്രാമം പദ്ധതി നടപ്പിലാക്കുന്നത്.

സി.റ്റി.സി.ആർ.ഐ വികസിപ്പിച്ചെടുത്ത ഭൂകൃഷ്ണ, കാഞ്ഞാങ്ങാട് ശ്രീഅരുൺ മുതലായ മധുരക്കിഴങ്ങിനങ്ങളാണ് വടക്കേക്കര ഗ്രാമപഞ്ചായത്തിൽ കൃഷി ചെയ്യുന്നത്.കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം രണ്ടു ഘട്ടങ്ങളിലായി 15000 ത്തോളം മധുരത്തലകൾ വടക്കേക്കര പഞ്ചായത്തിൽ വിതരണം ചെയ്തു കഴിഞ്ഞു. ഒന്നാം ഘട്ടം വിതരണം ചെയ്ത മധുരക്കിഴങ്ങ് വള്ളികൾക്കാവശ്യമായ വളക്കൂട്ടുകളും , സൂക്ഷ്മമൂലകങ്ങളും കർഷകർക്ക് സൗജന്യമായി വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.എം. അംബ്രോസ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു