എറണാകുളം: ജില്ലയിലെ മാവേലി സ്റ്റോറുകളിൽ ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പു വരുത്തണമെന്ന് ജില്ലാ വികസന കമ്മീഷണർ അഫ്സാന പർവീൺ നിർദ്ദേശിച്ചു. മാവേലി സ്റ്റോറുകളിൽ അവശ്യ സാധനങ്ങൾക്ക് ക്ഷാമം നേരിടുന്നുവെന്ന പരാതി പരിഗണിച്ചാണ് ജില്ലാ വികസന സമിതി യോഗത്തിൽ കമ്മീഷണർ നിർദ്ദേശം നൽകിയത്. ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പുവരുത്താൻ സപ്ലൈകോ റീജിയണൽ മാനേജർക്ക് നിർദ്ദേശം നൽകിയതായി ജില്ലാ സപ്ലൈ ഓഫീസർ യോഗത്തിൽ അറിയിച്ചു. കോൺവെൻ്റുകൾ അഗതി മന്ദിരങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളിൽ റേഷൻ കാർഡ് അനുവദിക്കുന്ന കാര്യം സർക്കാർ പരിഗണനയിലാണെന്നും സപ്ലൈ ഓഫീസർ അറിയിച്ചു.
കൊച്ചി നഗരത്തിലെ പ്രധാന റോഡുകളിൽ സ്ഥിതി ചെയ്യുന്ന വൈദ്യുതി പോസ്റ്റുകളിൽ മറ്റ് അനേകം കേബിളുകൾ കെട്ടുന്നത് അപകടങ്ങൾ സൃഷ്ടിക്കാൻ കാരണമാകുന്നുവെന്ന് ടി.ജെ.വിനോദ് എം എൽ എ യോഗത്തിൽ പരാതി ഉന്നയിച്ചു. നഗരത്തെ വികൃതമാക്കുന്ന ഇത്തരം കേബിളുകൾ നീക്കം ചെയ്യണമെന്നും എം എൽ എ ആവശ്യപ്പെട്ടു.അംഗീകാരമില്ലാത്ത കമ്പനികളുടെ കേബിളുകൾ നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കാനും നിർദ്ദേശം നൽകി. ലൈഫ് ഭവനപദ്ധതിക്കു വേണ്ടി ഏറ്റെടുക്കുന്ന സ്ഥലത്തിൻ്റെ വില നിർണയ നടപടികൾക്ക് കാലതാമസം ഒഴിവാക്കി നൽകാനും തീരുമാനമെടുത്തു. ഇതിനായി എൽ.ആർ ഡപ്യൂട്ടി കളക്ടർക്ക് നിർദ്ദേശം നൽകി. ആലുവ സർക്കാർ ആശുപത്രിയിൽ പോലീസ് എയ്ഡ് പോസ്റ്റിനുള്ള സൗകര്യങ്ങൾ ആശുപത്രി അധികൃതർ ഒരുക്കിയാൽ
തുടർ നടപടികൾ സ്വീകരിക്കാമെന്ന് ജില്ലാ പോലീസ് മേധാവിയുടെ പ്രതിനിധി യോഗത്തിൽ അറിയിച്ചു.
കൊച്ചി നഗരത്തിൽ നടപ്പിലാക്കിയ ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയുമായി ബന്ധപ്പെട്ട് നിർവ്വഹണം പൂർത്തിയാക്കിയ
കരാറുകാരിൽ തുക ലഭിക്കാത്തവർക്ക് ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കാനും ജില്ലാ വികസന കമ്മീഷണർ നിർദ്ദേശം നൽകി. ശുചിമുറി മാലിന്യം റോഡിൽ നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും യോഗത്തിൽ തീരുമാനിച്ചു.