തൃശ്ശൂര്‍: അന്തിക്കാട് ബ്ലോക്കില്‍ സ്വന്തമായി ഭൂമിയും വീടുമില്ലാതെ കഴിയുന്ന വൈശാഖിനും നിവേദ്യയെന്ന തുമ്പിക്കും അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള ഭൂമിയില്‍ വീടൊരുങ്ങും. ഗുരുവായൂരില്‍ തെരുവോരങ്ങളില്‍ അന്തിയുറങ്ങുകയും തെരുവ് വിളക്കിന്റെ കീഴിലിരുന്ന് പഠിക്കുകയും ചെയ്തിരുന്ന മണലൂര്‍ ഗ്രാമപഞ്ചായത്തിലെ കാരമുക്ക് സ്വദേശി വൈശാഖും അമ്മ രാജേശ്വരിക്കും അവിണിശ്ശേരി ഗ്രാമപഞ്ചായത്തില്‍ പുറംമ്പോക്കില്‍ ചോര്‍ന്നൊലിക്കുന്ന കൂരയില്‍ അച്ചാച്ചനും അമ്മമ്മക്കും കൂടെ താമസിക്കുന്ന അച്ചനും അമ്മയുമില്ലാത്ത തുമ്പി എന്ന നിവേദ്യയ്ക്കുമാണ് വീടുകള്‍ നിര്‍മിച്ച് നല്‍കുക.

ചാഴൂര്‍ ഗ്രാമപഞ്ചായത്തിലെ കുഞ്ഞാലിക്കല്‍ എന്ന സ്ഥലത്ത് വൈശാഖിനും തുമ്പിക്കും മൂന്ന് സെന്റ് സ്ഥലം വീതമാണ് വീട് നിര്‍മ്മിക്കുന്നതിനായി നല്‍കിയത്. വൈശാഖ് കണ്ടശ്ശാംകടവ് മുണ്ടശ്ശേരി ഗവ. എച്ച് എസ് എസ് ഒമ്പതാം തരം വിദ്യാര്‍ത്ഥിയും തുമ്പി പെരിഞ്ചേരി എ യു പി സ്‌കൂളിലെ ആറാം തരം വിദ്യാര്‍ത്ഥിനിയുമാണ്. പഞ്ചായത്ത് അനുവദിക്കുന്ന സ്ഥലത്ത് വീടുകള്‍ നിര്‍മിക്കുന്നതിലേക്കായി സ്‌പോണ്‍സര്‍മാരെ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. ഉടന്‍തന്നെ വീട് നിര്‍മിക്കുന്നതിനുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാകളക്ടര്‍ അറിയിച്ചു.

ഭൂമിയുടെ ഉടമസ്ഥാവകാശം ബ്ലോക്ക് പഞ്ചായത്തില്‍ തന്നെ നിലനിര്‍ത്തി വീട് നിര്‍മിച്ച് നല്‍കുന്നതിനുള്ള സമ്മതപത്രം ജില്ലാ കളക്ടര്‍ എസ് ഷാനവാസ് കളക്ടറേറ്റ് ചേംബറില്‍ വെച്ച് ഉപഭോക്താക്കള്‍ക്ക് കൈമാറി. ബ്ലോക്ക് പഞ്ചായത്തിന് കൈമാറി കിട്ടിയ വസ്തുവകകള്‍ വില്‍ക്കാനോ കൈമാറ്റം ചെയ്യാനോ അന്യാധീനപ്പെടുത്താനോ കടപ്പെടുത്താനോ അധികാരമില്ലാത്തതിനാലാണ് ഭൂമിയുടെ ഉടമസ്ഥാവകാശം ബ്ലോക്ക് പഞ്ചായത്തില്‍ തന്നെ നിലനിര്‍ത്തുന്നത്.

സമ്മതപത്രം കൈമാറുന്ന ചടങ്ങില്‍ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി സി ശ്രീദേവി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി ജി മോഹന്‍ദാസ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ എല്‍ ജോസ്, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ വി എന്‍ സുര്‍ജിത്ത്, മണലൂര്‍ വാര്‍ഡ് മെമ്പര്‍ ജോയ്‌മോന്‍, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജോളി, മുന്‍ പിടിഎ പ്രസിഡന്റ് ടി വിശ്വംഭരന്‍, വാര്‍ഡ് കണ്‍വീനര്‍ സി എം മുരളി എന്നിവര്‍ പങ്കെടുത്തു.