തൃശ്ശൂർ;  ചാലക്കുടി മുനിസിപ്പാലിറ്റി ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം വ്യവസായ-കായിക യുവജനകാര്യ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ നിര്‍വഹിച്ചു. പനമ്പിള്ളി ഗവ കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ നവീകരണ പ്രവര്‍ത്തങ്ങളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. 157 ലക്ഷം രൂപ ചിലവിലാണ് കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയം നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുക.

കലാ കായിക സാംസ്‌ക്കാരിക രംഗത്തു പ്രത്യേക സ്ഥാനം അര്‍ഹിക്കുന്ന പ്രദേശമാണ് ചാലക്കുടിയെന്ന് മന്ത്രി പറഞ്ഞു. കിഫ്ബി ഫണ്ട് ഉപയോഗിച്ച് പണി പൂര്‍ത്തിയായ കേരളത്തിലെ ആദ്യത്തെ സ്റ്റേഡിയം എന്ന സ്ഥാനവും ഇപ്പോള്‍ ചാലക്കുടിക്ക് സ്വന്തമായി. കായിക രംഗത്തെ വളര്‍ച്ചക്കായി കിഫ്ബി 1000 കോടി രൂപയുടെ ധനസഹായമാണ് നല്‍കിയിട്ടുള്ളത്. ഓരോ പഞ്ചായത്തിലും ഓരോ ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍ കൊണ്ടുവന്ന് കായിക രംഗത്തു കാലോചിതമായ സൗകര്യങ്ങളൊരുക്കുകയാണ് ലക്ഷ്യം.

ചാലക്കുടി നഗരസഭ ഇന്‍ഡോര്‍ സ്റ്റേഡിയം മുന്‍ കായിക താരം എം എല്‍ ജേക്കബിന്റെ പേരില്‍ നാമകരണം ചെയ്യുന്നതായും മന്ത്രി പറഞ്ഞു.
ബി ഡി ദേവസ്സി എം എല്‍ എ അധ്യക്ഷത വഹിച്ചു.
നഗരസഭ നല്‍കിയ 90 സെന്റ് സ്ഥലത്താണ് 9.34 കോടി ചിലവില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം പണി പൂര്‍ത്തീകരിച്ചത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയത്തില്‍ ആറ് ബാഡ്മിന്റണ്‍ കോര്‍ട്ട്, ഒരു ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ട്, രണ്ട് വോളിബോള്‍ കോര്‍ട്ട് എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ഗ്യാലറി, ഓഫീസ് റൂം, ചേഞ്ച് റൂം, ഡോര്‍മിറ്ററി, കോണ്‍ഫ്രന്‍സ് റൂം, വി ഐ പി ലോഞ്ച് തുടങ്ങിയ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.