തൃശ്ശൂർ: കേരളത്തിന്റെ ആരോഗ്യ രംഗത്തെ മാറ്റങ്ങള്‍ക്ക് കാരണം മെച്ചപ്പെട്ട പശ്ചാത്തല സൗകര്യങ്ങളാണെന്നും അതില്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പങ്ക് വലുതാണെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍. കേരളത്തിലെ മുഴുവന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി ആരോഗ്യരംഗത്ത് ചരിത്ര മുന്നേറ്റം സൃഷ്ടിച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ജില്ലയിലെ ആറു കുടുംബാരോഗ്യ കേന്ദ്രങ്ങളുടെയും ഒരു നഗര കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ചൊവ്വന്നൂര്‍, പെരുമ്പിലാവ്, കൊണ്ടഴി, തിരുവില്ലാമല, വാണിയംപാറ, തൈക്കാട് എന്നീ കുടുംബാരോഗ്യ കേന്ദ്രങ്ങളും വി ആര്‍ പുരം നഗര കുടുംബാരോഗ്യ കേന്ദ്രവുമാണ് തുറന്നത്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍, ചീഫ് വിപ്പ് കെ രാജന്‍, ജില്ലയിലെ എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വി ആര്‍ പുരം നഗര കുടുംബാരോഗ്യ കേന്ദ്രത്തില്‍ എല്ലാ ദിവസവും ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 08 മണിവരെ ഔട്ട് പേഷ്യന്റ് ചികിത്സ, ഒന്നിടവിട്ട ദിവസങ്ങളില്‍ രാവിലെ 09 മണി മുതല്‍ വൈകുന്നേരം 3 മണി വരെ സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനം, രാവിലെ 08 മണി മുതല്‍ വൈകുന്നേരം 03 മണി വരെ ലബോറട്ടറി സംവിധാനം, ആഴ്ചയില്‍ 02 ദിവസം പ്രതിരോധകുത്തിവെയ്പ്പ് പരിപാടി, മാതൃശിശു സംരക്ഷണ സേവനങ്ങള്‍, ആശുപത്രി കേന്ദ്രീകരിച്ചുള്ള നഴ്സിങ്ങ് പരിചരണം, സൗജന്യ മരുന്ന് വിതരണം, എല്ലാ വ്യാഴാഴ്ചകളിലും പ്രത്യേക ജീവിത ശൈലിരോഗ നിര്‍ണയ നിയന്ത്രണ ക്ലിനിക്കുകള്‍, എല്ലാ ശനിയാഴ്ചകളിലും പ്രത്യേക വയോജന സൗഹൃദ ക്ലിനിക്കുകള്‍ എന്നീ സേവനങ്ങള്‍ ലഭ്യമാകും. കുടുംബാരോഗ്യകേന്ദ്രത്തില്‍ 2 ഡോക്ടര്‍മാര്‍, 2 സ്റ്റാഫ് നഴ്സ്, 1 ഫാര്‍മസിസ്റ്റ്, 1 ലബോറട്ടറി ടെക്നീഷ്യന്‍, 2 ഇതര ജീവനക്കാര്‍ എന്നിങ്ങനെ 9 ജീവനക്കാരുടെ സേവനം ലഭ്യമാണ്.