കേരള സര്‍ക്കാറിന്റെ വിശപ്പ് രഹിത കേരളം പദ്ധതിയില്‍ നടപ്പിലാക്കി വരുന്ന ജനകീയ ഹോട്ടല്‍ ഏറ്റെടുത്ത് പള്ളിക്കര പഞ്ചായത്ത്. പഞ്ചായത്തിനകത്തെ രണ്ടാമത്തെ ജനകീയ ഹോട്ടല്‍ പെരിയോട്ടടുക്കത്ത് ആരംഭിച്ചു. കുടുംബശ്രീ നേതൃത്വത്തില്‍ നടക്കുന്ന ഹോട്ടലില്‍ ഇരുപത് രൂപയ്ക്ക് ഉച്ചഭക്ഷണം ലഭിക്കും. നേരത്തെ പഞ്ചായത്ത് പരിസരത്ത് പ്രവര്‍ത്തിച്ചിരുന്ന കുടുംബശ്രീ ക്യാന്റീനാണ് ജനകീയ ഹോട്ടലായി പ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്ന് പെരിയാട്ടടുക്കത്തും ജനകീയ ഹോട്ടല്‍ ആരംഭിച്ചതോടെ പള്ളിക്കര പഞ്ചായത്തില്‍ കുടുംബശ്രീ അംഗങ്ങള്‍ നേതൃത്വം നല്‍കുന്ന രണ്ട ജനകീയ ഹോട്ടലുകളായി. പുതിയ ഹോട്ടലില്‍ നാല് കുടുംബശ്രീ അംഗങ്ങള്‍ക്കാണ് നോക്കി നടത്തിപ്പ് ചുമതല.

ഹോട്ടല്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.ഇന്ദിര ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യസ്ഥിരം സമിതി ചെയര്‍മാന്‍ ടി. മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷനായി. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ ടി.ടിസുരേന്ദ്രന്‍ മുഖ്യാതിഥിയായി. വികസന കാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ പി.ലക്ഷ്മിക മെമ്പര്‍മാരായ എ.വിനോദ് കുമാര്‍, പ്രസന്നകുമാരി, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ അജയന്‍ പനയാല്‍ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ പി.പത്മിനി സ്വാഗതവും സി.ഡി.എസ് അംഗം മീനാക്ഷി നന്ദിയും പറഞ്ഞു.