ആലപ്പുഴ : ജില്ലയിലെ കുടുംബശ്രീ ഉത്പന്നങ്ങൾക്ക് പ്രാദേശികമായി സ്ഥിരം വിപണി കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ പട്ടണക്കാട് ഗ്രാമപഞ്ചായത്തിലെ പൊന്നാംവെളി ജംഗ്ഷനിൽ ആരംഭിച്ച കുടുംബശ്രീ ബസാറിന്റെ ഉദ്ഘാടനം ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി പി തിലോത്തമൻ നിർവഹിച്ചു.

അയൽക്കൂട്ട തലത്തിൽ പ്രവർത്തിക്കുന്ന ആയിരത്തിലധികം സംരംഭകർ ഉല്പാദിപ്പിക്കുന്ന വിവിധ ഉത്പന്നങ്ങൾ ശേഖരിച്ച് വിപണനം ചെയ്യുന്നതിന് കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച ബസാറിൽ എല്ലാ വിധ കുടുംബശ്രീ ഉൽപ്പനങ്ങളും മറ്റുള്ളവയും ഒരേ കുടക്കീഴിൽ ലഭ്യമാകും. ജില്ലയ്ക്ക് പുറത്തുനിന്നുള്ള വൈവിധ്യമാർന്ന ഉൽപന്നങ്ങളുടെ ശേഖരവും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. നവംബർ 5 മുതൽ 15 വരെ വിവിധ ഓഫറുകളും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട് എന്ന് കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ജെ പ്രശാന്ത് ബാബു അറിയിച്ചു.

ഉത്പന്നങ്ങളുടെ ആദ്യ വില്പന പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ മണി പ്രഭാകരന് നൽകിക്കൊണ്ട് പട്ടണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആർ പ്രമോദ് നിർവഹിച്ചു. ചടങ്ങിൽ കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ജെ പ്രശാന്ത് ബാബു, എ. ഡി. എം. സി കെ.ബി അജയകുമാർ, ഡി.പി.എം സാഹിൽ ഫെയ്‌സി, റിൻസ്‌ സുരേഷ് കുമാർ, കുടുംബശ്രീ ഉദ്യോഗസ്ഥർ, പട്ടണക്കാട് പഞ്ചായത്ത് അധികൃതർ തുടങ്ങിയവർ പങ്കെടുത്തു.