ആലപ്പുഴ : ആർദ്രം മിഷന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 38 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ. ശൈലജ ടീച്ചർ നിർവഹിച്ചു. ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യ വികസനമാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്. ആർദ്രം മിഷനിലൂടെ പ്രാദേശിക മേഖലകളിലെ പൊതുജനാരോഗ്യവും, പ്രതിരോധശേഷിയും വർധിപ്പിക്കുന്നത് വഴി ആരോഗ്യമേഖലയിൽ വലിയ നേട്ടം കൈവരിക്കാനും സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തുന്നത് വഴി ഗ്രാമീണ മേഖലയിലെ ജനങ്ങൾക്ക് അത്യാധുനിക രീതിയിലുള്ള ചികിത്സാ സൗകര്യങ്ങൾ ലഭ്യമാകും. നാട്ടിൻപുറത്തെ ജനങ്ങളുടെ ജീവിതരീതിയും ആരോഗ്യശൈലിയിലും മാറ്റങ്ങൾ കൊണ്ടുവരുക എന്നതാണ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങൾ ആയി ഉയർത്തുന്നത് വഴി ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
അത്യാധുനിക രീതിയിലുള്ള ചികിത്സാസൗകര്യങ്ങൾ, ഡോക്ടർമാർ, ലാബുകൾ, വിശ്രമ മുറികൾ, ശൗചാലയങ്ങൾ, ഫീഡിങ് സൗകര്യം, കിടത്തി ചികിത്സ തുടങ്ങിയ സൗകര്യങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഉണ്ടാകും. ആരോഗ്യകേന്ദ്രങ്ങളോട് ചേർന്ന് മാനസികാരോഗ്യ കേന്ദ്രങ്ങൾ, കാൻസർ പരിശോധനാ ലാബുകൾ, ക്ഷയ, കുഷ്ടം തുടങ്ങിയ രോഗങ്ങൾക്കായുള്ള ചികിത്സ സൗകര്യം , ഡയബറ്റിസ്, ബ്ലഡ് പ്രഷർ തുടങ്ങിയ ജീവിതശൈലീ രോഗങ്ങൾക്കുള്ള ക്ലിനിക്കുകൾ തുടങ്ങിയ സൗകര്യങ്ങളാണ് അടുത്ത ഘട്ടത്തിൽ ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.
ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്‌ദീൻ, ധനകാര്യവകുപ്പ് മന്ത്രി ടി. എം തോമസ് ഐസക്ക്, വനം വകുപ്പ് മന്ത്രി അഡ്വ : കെ. രാജു, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ. കെ. കോബ്രഗഡേ, സ്റ്റേറ്റ് മിഷൻ ഡയറക്ടർ രത്തൻ. യു. കേൽഖർ, ആരോഗ്യ വകുപ്പ് ഡയറക്ടർ സരിത. ആർ.എൽ തുടങ്ങിയവർ സന്നിഹിതരായി
ജില്ലയിൽ പുലിയൂർ, ആല, മാരാരിക്കുളം നോർത്ത്, ദേവികുളങ്ങര തുടങ്ങിയ പഞ്ചായത്തുകളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയത്.
പ്രാദേശിക തലത്തിൽ പുലിയൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങ് സജി ചെറിയാൻ എം. എൽ. എ ഉദ്ഘാടനം ചെയ്തു, പുലിയൂർ പഞ്ചായത്ത് പ്രസിഡന്റ് റ്റി. റ്റി ഷൈലജ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. പി പ്രദീപ്, ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അമ്പിളി ബാബുരാജ്, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രാധാമണി, ഡോക്ടർ ഗണേഷ് എന്നിവർ സന്നിഹിതരായി.
ആല പ്രാഥമികരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് വി. കെ ശോഭ ഉദ്ഘാടനം ചെയ്തു, വൈസ് പ്രസിഡന്റ് എ.ഡി വാസുദേവൻ, ഹെൽത്ത് ഇൻസ്‌പെക്ടർ വിനോദ്, സെക്രട്ടറി ജെസ്സി. പി. തുടങ്ങിയവർ സന്നിഹിതരായി.
മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രം 25 ലക്ഷം രൂപ ചെലവഴിച്ച് പുതുതായി ജനകീയ ലാമ്പും ആരംഭിച്ചു. ജനകീയ ലാബിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അഡ്വ.കെ.ടി.മാത്യു നിർവ്വഹിച്ചു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.പ്രിയേഷ് കുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിബ എസ്.കുറുപ്പ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.കെ.രമണൻ, പഞ്ചായത്തംഗം എൻ.ഷൈലജ, പഞ്ചായത്ത് സെക്രട്ടറി അജിതകുമാരി, മെഡിക്കൽ ഓഫിസർ ഡോ.രജനി എന്നിവർ സംസാരിച്ചു.
ദേവികുളങ്ങര ഗ്രാമപഞ്ചായത്തിൽ നടന്ന ചടങ്ങിൽ അധ്യക്ഷത വഹിച്ച കായംകുളം എം എൽ എ യു പ്രതിഭ ശിലാഫലകം അനാച്ഛാദനം ചെയ്തു. ദേവികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ ശ്രീദേവി,മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ ആനന്ദൻ,മുതുകുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ശ്രീകുമാരി,ദേവികുളങ്ങര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ ചന്ദ്രശേഖരപിള്ള, ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രജനി മുരളി, ദേവികുളങ്ങര കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ. മനോജ് എന്നിവർ പങ്കെടുത്തു..