ആലപ്പുഴ : ജില്ലയുടെ മത്സ്യ ബന്ധന മേഖലയിൽ ഏറെ ഉപകാരപ്രദമായി തീരുന്ന തോട്ടപ്പള്ളി ഫിഷിങ് ഹാർബ്ബറിന്റെ രണ്ടാം ഘട്ട നിർമ്മാണത്തിന് തുടക്കമായി. പൊതുമരാമത്തു -രെജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഓഖി ദുരിതാശ്വാസ ഭാഗമായി തീര ദേശ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 13.30 കോടി രൂപയാണ് രണ്ടാം ഘട്ട നിർമ്മാണത്തിനായി സംസ്ഥാന സർക്കാർ അനുവദിച്ചിരിക്കുന്നത്.

ഹാർബ്ബറിന്റെ തെക്കേ പുലിമുട്ടിൽ നിന്നും 250 മീറ്റർ നീളം രണ്ടാം ഘട്ട നിർമ്മാണത്തിന്റെ ഭാഗമായി വർദ്ധിപ്പിക്കും. കൂടാതെ പുലിമുട്ടിന്റെ സംരക്ഷണത്തിനായുള്ള അറ്റക്കുറ്റ പ്രവർത്തികൾ, മണലടിയുന്നത് തടയാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയവയും രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി നടക്കും. മത്സ്യഫെഡ് ചെയർമാൻ പി. പി ചിത്തരഞ്ജൻ, അമ്പലപ്പുഴ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. എം ജുനൈദ് തുടങ്ങിയവരും കോവിഡ് പ്രോട്ടോകോൾ പ്രകാരം നടന്ന ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.