സംസ്ഥാനത്തെ എല്ലാം പ്രാഥമികാരോഗ്യകേന്ദ്രങ്ങളേയും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.
തിരുവനന്തപുരം ജില്ലയിലെ ആറു പുതിയ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനോദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.  നിലവില്‍ 600 പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയിട്ടുണ്ട്.  ബാക്കിയുള്ളവയെക്കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. ആര്‍ദ്രം മിഷന്റെ മൂന്നാം ഘട്ടത്തില്‍ സംസ്ഥാനത്തെ 212 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്.  ഇതോടെ സംസ്ഥാനത്തെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രമായി മാറും.  ആര്‍ദ്രം മിഷന്‍ ഏറ്റവും കൂടുതല്‍ ഊന്നല്‍ നല്‍കുന്നത് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ വികസനത്തിനാണെന്നും മന്ത്രി പറഞ്ഞു.  ചടങ്ങില്‍ ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി അധ്യക്ഷത വഹിച്ചു.
ജില്ലയില്‍ മുദാക്കല്‍, തോണിപ്പാറ, മംഗലപുരം, പൂന്തുറ, മുക്കോല, പുതുകുറിച്ചി എന്നീ പ്രാഥമികാരോഗ്യകേന്ദ്രങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയത്. മംഗലപുരം കുടുംബരോഗ്യ കേന്ദ്രത്തിന് 14 ലക്ഷം രൂപയാണ് എന്‍.എച്ച്.എം വഴി അനുവദിച്ചത്.  ഇതുകൂടാതെ പഞ്ചായത്തും നാട്ടുകാരും സംയുക്തമായി കാര്‍ പാര്‍ക്കിംഗ് സൗകര്യം, ലാന്‍ഡ് സ്‌കെപ്പിംഗ് എന്നിവ സജ്ജീകരിച്ചു.  നിലവിലെ സ്റ്റാഫുകള്‍ക്ക് പുറമെ ഒരു നഴ്സ് ഒരു ഫര്‍മസിസ്റ്റ് എന്നിവരെയും താത്കാലികമായി നിയമിക്കാന്‍ തീരുമാനമായി.
ഉദ്ഘാടനത്തോടനുബന്ധിച്ച് മുദാക്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ മുദാക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. സുഭാഷ്, മംഗലപുരം പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു, മുദാക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആര്‍.എസ് വിജയകുമാരി, വൈസ് പ്രസിഡണ്ട് എന്‍. മുരളി, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാര്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  തോണിപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ വി. ജോയ് എം.എല്‍. എ അധ്യക്ഷത വഹിച്ചു.  ജില്ലാ പഞ്ചായത്ത് അംഗം വി. രഞ്ജിത്ത്, ഇലകമണ്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. സുമംഗല, വൈസ് പ്രസിഡന്റ് വി. എസ് ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.