ആലപ്പുഴ : പാടശേഖരങ്ങൾ കൃഷിക്ക് അനുയോജ്യമാക്കാനുള്ള അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുക വഴി ഭക്ഷ്യസുരക്ഷ കൈവരിക്കാനുള്ള ലക്ഷ്യത്തിലാണ് സർക്കാരെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി പി തിലോത്തമൻ. മണ്ണിന്റെയും ജലത്തിന്റെയും ശാസ്ത്രീയ പരിപാലനവും സംരക്ഷണവും അടിയന്തര പ്രാധാന്യത്തോടെ ഏറ്റെടുത്താൽ മാത്രമേ നമുക്ക് ഭക്ഷ്യസുരക്ഷാ കൈവരിക്കാൻ സാധിക്കുകയുള്ളൂ. അതിനാൽ അവ കൃത്യമായി പരിപാലിക്കാൻ എല്ലാവരും പ്രതിജ്ഞാബദ്ധരാകണം എന്നും അദ്ദേഹം പറഞ്ഞു. കേരള പുനർ നിർമ്മാണ പദ്ധതിയിലുൾപ്പെടുത്തി 31 കോടി രൂപ മുതൽമുടക്കിൽ സംസ്ഥാനത്ത് നടപ്പാക്കുന്ന 41 മണ്ണ് ജലസംരക്ഷണ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി പട്ടണക്കാട് ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്ന കൊട്ടളപ്പാടം വെള്ളക്കെട്ട് മേഖലയിലെ പരിസ്ഥിതി പുനരുദ്ധാരണ പദ്ധതിയുടെ പ്രവർത്തനോദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍ നിര്‍വഹിച്ചു. വർഷകാലത്ത് പ്രളയക്കെടുതി നേരിടുന്ന കോട്ടളപാടത്തെ പരിസരവാസികൾക്ക് ഈ പദ്ധതി വലിയൊരു അനുഗ്രഹമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റീ ബിൽഡ് കേരള ഇനിഷ്യയേറ്റീവിൽ ഉൾപ്പെടുത്തി മണ്ണ് പര്യവേഷണ/ മണ്ണ് സംരക്ഷണ വകുപ്പ് മുഖാന്തരം 2,37,31,294 രൂപ വകയിരുത്തിയാണ് കൊട്ടളപ്പാടം വെള്ളക്കെട്ട് മേഖലയിലെ പരിസ്ഥിതി പുനരുദ്ധാരണ പദ്ധതി നടപ്പാക്കുന്നത്. ഉഴുവ തോടിന് ഇരുകരകളും ഇടിഞ്ഞു കിടക്കുന്നതിനാൽ തോട്ടിൽ നിന്നും ജലം പാടത്തേക്ക് ഒഴുകി എത്തുന്നതും കാലവർഷത്തിൽ കിഴക്കൻ മേഖലയിൽ നിന്നും പ്രധാന തോട് കവിഞ്ഞ് പാടത്തേക്കും സമീപ പ്രദേശങ്ങളിലേക്കും വെള്ളം ഒഴുകിയെത്തുന്നതുമാണ് കൊട്ടളപ്പാടം പാടശേഖരം നേരിടുന്ന പ്രധാന ഭീഷണി. വെള്ളപ്പൊക്കം മൂലവും ഈ പ്രദേശത്തെ ബണ്ടുകൾ കേടായതിനാലും ഡ്രയിനെജ് സൗകര്യം മോശം ആയതിനാലും മഴക്കാലത്തു താഴ്ന്ന പ്രദേശങ്ങൾ പൂർണ്ണമായും വെള്ളത്തിൽ മുങ്ങിപ്പോകുന്ന അവസ്ഥയുമുണ്ട്. പദ്ധതിയുടെ ഭാഗമായി കൊട്ടളപാടത്തെക്കുള്ള പ്രധാന തോടിന്റെ ഇരുകരകളിലും ബണ്ടുകൾ കെട്ടി സംരക്ഷിക്കുന്നതിലൂടെയും വാച്ചാലുകൾ ആഴം കൂട്ടി നീരോഴുക്ക് സുഗമമാക്കുനതിലൂടെയും പാടശേഖരത്തെ വെള്ളക്കെട്ട് ഒഴിവാക്കി കൃഷിക്ക് അനുയോജ്യമാക്കി മാറ്റുവാൻ സാധിക്കും.
പട്ടണക്കാട് ഗ്രാമപഞ്ചായത്തിൽ വച്ച് നടന്ന ചടങ്ങിൽ പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണി പ്രഭാകരൻ, പട്ടണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ പ്രമോദ്, ജില്ല മണ്ണ് സംരക്ഷണ വകുപ്പ് ഓഫീസർ കെ സത്യൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.