പെരിന്തല്‍മണ്ണ നഗരസഭയിലെ ഭൂരഹിതരും ഭവനരഹിതരുമായ 400 കുടുംബങ്ങള്‍ക്കായി ലൈഫ് മിഷന്റെ പിന്തുണയോടെ നിര്‍മിച്ച സംസ്ഥാനത്തെ ഏറ്റവും വലിയ ഭവന സമുച്ചയങ്ങളുടെ നിര്‍മാണം അവസാനഘട്ടത്തിലാണ്. ഒന്നാംഘട്ടത്തില്‍ പണി പൂര്‍ത്തീകരിച്ച 200 ഭവനങ്ങളുടെ ഉദ്ഘാടനം തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു.
ലൈഫ് പദ്ധതി വഴി 2004 കുടുംബങ്ങളുടെ സ്വന്തമായൊരു ഭവനം എന്ന സ്വപ്നമാണ് യാഥാര്‍ഥ്യമാവുന്നത്. മൂന്ന് നിലകളിലായി 600 സ്‌ക്വയര്‍ ഫീറ്റുള്ള 12 വീടുകളടങ്ങുന്ന 34 അപ്പാര്‍ട്ട്മെന്റുകളാണ് എരവിമംഗലം ഒടിയന്‍ചോലയില്‍ 6.93 ഏക്കറില്‍ നിര്‍മിച്ചിരിക്കുന്നത്. രണ്ട് ബെഡ് റൂമുകള്‍, അടുക്കള, രണ്ട് ടോയ്‌ലറ്റുകള്‍, ഒരു ബാല്‍ക്കണി എന്നീ സൗകര്യങ്ങളാണ് ഓരോ വീടുകളിലും ഒരുക്കിയിരിക്കുന്നത്.മാലാഖ സൊല്യൂഷന്‍സ് എന്ന കുടുംബശ്രീ യൂനിറ്റിനാണ് ഫ്‌ളാറ്റ് സമുച്ചയത്തിന്റെ നിര്‍മാണ ചുമതല. 44 കോടി രൂപ ചെലവിലാണ് മാലാഖ സൊല്യൂഷന്‍സ് ഭവന സമുച്ചയങ്ങള്‍ നിര്‍മിച്ച് നല്‍കുന്നത്. ഭവന സമുച്ചയങ്ങളിലേക്ക് ആവശ്യമായ റോഡ്, ജലവിതരണം, വൈദ്യുതി, പൊതു ഹാള്‍, അങ്കണവാടികള്‍, തൊഴില്‍ പരിശീലന കേന്ദ്രം, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഹെല്‍ത്ത് ക്ലബ്, ചുറ്റുമതില്‍, ഗേറ്റ്, മഴവെള്ള സംഭരണി, മലിനജല സംസ്‌ക്കരണ പ്ലാന്റ്, റസിഡന്‍ഷ്യല്‍ അസോസിയേഷന്‍ ഹാള്‍ എന്നീ സൗകര്യങ്ങള്‍ ഫ്‌ളാറ്റ് സമുച്ചയത്തിനുള്ളില്‍ ഒരുക്കിയിട്ടുണ്ട്.
ഭവന സമുച്ചയ നിര്‍മാണത്തിന് ചെലവാകുന്ന 44 കോടിയില്‍ പൊതു വിഹിതമായ 28 കോടി ഒഴികെ ബാക്കിയുള്ള 16 കോടി ജനകീയ സമാഹരണത്തിലൂടെയും നിര്‍മാണ വസ്തുക്കള്‍ തൊഴില്‍ എന്നിവയുടെ വില കുറച്ചുള്ള സമാഹരണത്തിലൂടെയും കരാറുകാരന്റെ ലാഭം ഒഴിവാക്കിയുമാണ് വിഭവ സമാഹരണം നടത്തിയത്. നിര്‍മാണം പൂര്‍ണമായും പൂര്‍ത്തിയാക്കിയ 200 ഭവനങ്ങളാണ് ഗുണഭോക്താക്കള്‍ക്ക് കൈമാറിയത്. ബാക്കി വരുന്ന 20 അപ്പാര്‍ട്ട്‌മെന്റുകളുടെ നിര്‍മാണം 70 ശതമാനം പൂര്‍ത്തിയായി. ജനുവരിയോടെ നിര്‍മാണം പൂര്‍ത്തികരിച്ച് ഭവന സമുച്ചയം ഗുണഭോക്താക്കള്‍ക്ക് കൈമാറും.
നഗരസഭാ ചെയര്‍മാന്‍ എം. മുഹമ്മദ് സലീം അധ്യക്ഷനായി. ചടങ്ങില്‍ ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി.ജോസ് മുഖ്യാതിഥിയായി. കുടുംബശ്രീമിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ മുഖ്യപ്രഭാഷണം നടത്തി.