മലമ്പുഴ റിങ് റോഡ് നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനും എം.എല്‍.എ യുമായ വി.എസ്. അച്ചുതാനന്ദന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനിച്ചു. നിര്‍മാണ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. റോഡ് നിര്‍മാണത്തിനാവശ്യമായ വനാതിര്‍ത്തിയിലുള്‍പ്പെട്ട 230 മീറ്റര്‍ സ്ഥലത്തിന് പാരിസ്ഥിതികാനുമതി ലഭ്യമാക്കാന്‍ യോഗത്തില്‍ പങ്കെടുത്ത വനം വകുപ്പ് മന്ത്രി കെ. രാജു ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
ഭൂ സര്‍വെ വകുപ്പ് റോഡിനാവശ്യമായ ഭൂമിയുടെ കണക്ക് ഏപ്രില്‍ 13 നകം നല്‍കും. വനാതിര്‍ത്തിയിലുളള ഭൂമിയുടെ പരിശോധനാ റിപ്പോര്‍ട്ട് തയ്യാറാക്കി വനം വകുപ്പ് ഏപ്രില്‍ 15 നകം നിരാക്ഷേപ പത്രം നല്‍കും. വനം വകുപ്പ് വിട്ട് നല്‍കുന്ന ഭൂമിക്ക് പകരമായി ജലസേചന വകുപ്പിന്റെ സ്ഥലം വിട്ടു നല്‍കും. റിങ് റോഡിന്റെ വിശദമായ പദ്ധതി റിപ്പോര്‍ട്ടും നിരാക്ഷേപ പത്രവും സഹിതം ഏപ്രില്‍ അവസാനത്തോടെ കിഫ്ബിക്ക് നല്‍കാന്‍ യോഗം തീരുമാനിച്ചു. നിലവിലുളള 32 കി.മീ. റോഡിന്റെ നവീകരണ പ്രവൃത്തികള്‍ പദ്ധതി റിപ്പോര്‍ട്ടിലുള്‍പ്പെടുത്തും.
യോഗത്തില്‍ മലമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ രാമചന്ദ്രന്‍, ഡി.എഫ്.ഒ നരേന്ദ്രനാഥ് വെളളൂരി, പി.ഡബ്ള്‍യു.ഡി റോഡ്‌സ് വിഭാഗം ചീഫ് എഞ്ചിനീയര്‍ എം.എന്‍.ജീവരാജ്, എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ പി. ശ്രീലേഖ, കേരള റോഡ്‌സ് ഫണ്ട് ബോര്‍ഡ് ചീഫ് എഞ്ചിനീയര്‍ വി.പി. ബിനു, സര്‍വെ സൂപ്രണ്ട് സുനില്‍ കുമാര്‍, വി.എസ്.അച്ചുതാനന്ദന്റെ പ്രതിനിധി എ. പ്രഭാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.