വനിതാ കമ്മീഷൻ വയനാട് ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച മെഗാ അദാലത്തിൽ 37 പരാതികൾ പരിഗണിച്ചു. വനിതാ കമ്മീഷൻ അധ്യക്ഷ എം. സി. ജോസഫൈൻ, അംഗം അഡ്വ. ഷിജി ശിവജി എന്നിവരുടെ നേതൃത്വത്തിലാണ് അദാലത്ത് നടന്നത്. 19 കേസുകളിൽ ഇരു കക്ഷികളും ഹാജരായി. മൂന്നു കേസുകളിൽ തീർപ്പായി. ഒരെണ്ണം ഫുൾ കമ്മീഷനായി മാറ്റി വച്ചു. നാല് കേസുകൾ വിവിധ വകുപ്പുകളുടെ അന്വേഷണ റിപ്പോർട്ടിനായി അയയ്ക്കാൻ തീരുമാനിച്ചു. അടുത്ത അദാലത്തിലേക്ക് 11 കേസുകൾ മാറ്റി. 18 കേസുകളിൽ ഇരുകക്ഷികളും ഹാജരായില്ല. പുതിയതായി രണ്ടു കേസുകൾ ലഭിച്ചു.
തൊഴിലിടങ്ങളിൽ നേരിടുന്ന പ്രശ്‌നങ്ങൾ, ബിസിനസ് തർക്കം, ജാതി ഭ്രഷ്ട്, കുടുംബ കലഹം തുടങ്ങിയ കേസുകളാണ് പരിഗണിച്ചത്. പ്രണയിച്ച് വിവാഹിതരായവർക്ക് സമുദായം ഭ്രഷ്ട് ഏർപ്പെടുത്തിയതു സംബന്ധിച്ച പരാതിയിൽ സമുദായ നേതാക്കളെ വിളിച്ച് ചർച്ച നടത്താൻ കമ്മീഷൻ തീരുമാനിച്ചു. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തും. വയനാട്ടിലെ പുഴകളെക്കുറിച്ച് ഗവേഷണം നടത്തുന്ന വിദ്യാർത്ഥിനിയെ തിരുനെല്ലിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞു നിർത്തി സ്ത്രീത്വത്തെ അപമാനിക്കും വിധം ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട പരാതിയും ലഭിച്ചു.
വനിതാ കമ്മീഷൻ കോഴിക്കോട് റീജ്യണൽ ഓഫീസ്
രണ്ടു മാസത്തിനകം പ്രവർത്തനം ആരംഭിക്കും
സംസ്ഥാന വനിതാ കമ്മീഷന്റെ കോഴിക്കോട് റീജ്യണൽ ഓഫീസ് രണ്ടു മാസത്തിനകം പ്രവർത്തനം ആരംഭിക്കുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എം. സി. ജോസഫൈൻ പറഞ്ഞു. കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട് ജില്ലകളിലുള്ളവർക്ക് റീജ്യണൽ ഓഫീസ് ഉപകാരപ്രദമാകും. ഓഫീസിന്റെ സ്ഥലം സംബന്ധിച്ച് കോഴിക്കോട് ജില്ലാ കളക്ടറുമായി ഉടൻ ചർച്ച നടത്തും. എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലും റീജ്യണൽ ഓഫീസുകൾ ആരംഭിക്കുമെന്നും വനിതാ കമ്മീഷൻ മെഗാ അദാലത്തിനായി വയനാട് എത്തിയ അധ്യക്ഷ പറഞ്ഞു.
ഏപ്രിൽ 30, മേയ് ഒന്നു മുതൽ നാലു വരെ തീയതികളിൽ വയനാട്ടിലെ ആദിവാസി സ്ത്രീകൾക്കായി അഞ്ച് ബോധവത്കരണ സെമിനാറുകൾ കമ്മീഷൻ സംഘടിപ്പിക്കും. ആദിവാസി ഭൂരിപക്ഷ പഞ്ചായത്തുകളായ മീനങ്ങാടി, നൂൽപ്പുഴ, തിരുനെല്ലി, പനമരം, പൂതാടി എന്നിവിടങ്ങളിലാണ് സെമിനാറുകൾ നടക്കുക. അവിവാഹിതരായ അമ്മമാർക്ക് വനിതാ കമ്മീഷൻ നിയമസഹായം നൽകും. ആവശ്യമെങ്കിൽ ഡി. എൻ. എ പരിശോധയ്ക്കുള്ള സഹായവും ലഭ്യമാക്കും. അടുത്ത വനിതാ ദിനത്തിനു മുമ്പ് സ്ത്രീകളെ ശക്തിപ്പെടുത്തുന്നതിനാവശ്യമായ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കും. സംസ്ഥാനത്തെ സ്ത്രീകൾ നേരിടുന്ന പ്രധാന പ്രശ്‌നങ്ങൾ പഠിക്കുന്നതിന് പ്രത്യേക പഠന സംഘത്തെ നിയോഗിക്കുമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞു.