പത്തനംതിട്ട: ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരുവല്ല അസംബ്ലി നിയോജക മണ്ഡലത്തിലെ 11 ഗ്രാമ പഞ്ചായത്തുകളിലെ കുടുംബങ്ങള്‍ക്ക് കുടിവെളള കണക്ഷന്‍ ലഭ്യമാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു.
ഒരു വര്‍ഷത്തിനുള്ളില്‍ 20 ലക്ഷം പുതിയ വാട്ടര്‍ കണക്ഷന്‍ നല്‍കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് കുറ്റൂര്‍ ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. സ്‌കൂള്‍, അങ്കണവാടി എന്നിവിടങ്ങളില്‍ മുന്‍ഗണനാ അടിസ്ഥാനത്തില്‍ ടാപ്പുകള്‍ നല്‍കും. പഞ്ചായത്തുകള്‍ ജലജീവന്‍ പദ്ധതിക്കു നല്‍കുന്നത് മികച്ച പിന്തുണയാണെന്നും മന്ത്രി പറഞ്ഞു.  സാറാമ്മ കല്ലുമലയിലിന് ടാപ് തുറന്ന് വെള്ളം നല്‍കി മന്ത്രി പ്രവര്‍ത്തനോദ്ഘാടനം ചെയ്തു.
ആളോഹരി പ്രതിദിനം 55 ലിറ്റര്‍ കുടിവെള്ളം വീടുകളില്‍ ലഭ്യമാക്കുന്ന ജലജീവന്‍ പദ്ധതിയുടെ ഒന്നാം ഘട്ടമായി 7009 വീടുകള്‍ക്ക് കുടിവെള്ള കണക്ഷന്‍ നല്‍കുന്നതിന് 1238.81 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. രണ്ടാം ഘട്ടത്തില്‍ പുറമറ്റം പഞ്ചായത്തില്‍ 300 വീടുകള്‍ക്ക് 128.66 ലക്ഷം രൂപയുടെ പദ്ധതി സംസ്ഥാന സമിതിയുടെ ഭരണാനുമതി ലഭിക്കുന്നതിന് സമര്‍പ്പിക്കുന്നതിന് തയ്യാറായിട്ടുണ്ട്.
ഒന്നാം ഘട്ട പദ്ധതി നിര്‍വഹണത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തുകളായ ആനിക്കാട് 300 വീടുകള്‍, കല്ലൂപ്പാറ-600, കവിയൂര്‍-1270, കുന്നംന്താനം-1470, മല്ലപ്പള്ളി-200, കടപ്ര-1440, കുറ്റൂര്‍-810, നെടുമ്പ്രം-105, നിരണം-570, പെരിങ്ങര-244 വീടുകളിലാണ് കണക്ഷന്‍ നല്‍കുന്നത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ജനപങ്കാളിത്തത്തോടെ പൈപ്പിലൂടെ ഗ്രാമീണ ഭവനങ്ങള്‍ക്ക്കു ടിവെള്ളമെത്തിക്കുന്ന പദ്ധതിയാണ് ജലജീവന്‍ മിഷന്‍.