കോട്ടയം ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയെ പ്രത്യേക നിരീക്ഷണം വേണ്ട മേഖലയായി പ്രഖ്യാപിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി.

മുനിസിപ്പാലിറ്റിയിലെ എല്ലാ വാര്‍ഡുകളിലും ആരോഗ്യ വകുപ്പിന്റെ നിരീക്ഷണ സംവിധാനം ശക്തമാക്കണമെന്നും ജനങ്ങളുടെ ആശങ്കയകറ്റുന്നതിന് മൈക്ക് അനൗണ്‍സ്‌മെന്റ് ഉള്‍പ്പെടെയുള്ള ബോധവത്കരണ പരിപാടികള്‍ നടത്തണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്. 1, 21, 22, 23, 26 വാര്‍ഡുകള്‍ നിലവില്‍ കണ്ടെയ്ന്‍മെന്റ് സോണുകളാണ്.

വീടുകളില്‍ ഐസൊലേഷനില്‍ കഴിയാന്‍ സൗകര്യമില്ലാത്തവര്‍ നിരവധി പേരുള്ള സാഹചര്യത്തില്‍ നിലവിലുള്ള സി.എഫ്.എല്‍.ടിക്കു പുറമെ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയില്‍ പ്രത്യേക സ്റ്റെപ് ഡൗണ്‍ സി.എഫ്.എല്‍.ടി.സി സജ്ജമാക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്.